അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അപമാനിക്കുന്നത് മാർപ്പാപ്പായെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡലക്ഷ്യമോ?- പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ  അപമാനിക്കുന്നത് മാർപ്പാപ്പായെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡലക്ഷ്യമോ?-  പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ

എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത, അല്മായ നേതാക്കൾ എന്ന ലേബലിൽ വന്ന ക്രൈസ്തവ വിശ്വാസം പോലും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്ന ചില വ്യക്തികൾ നടത്തിയ നീക്കം സഭയിൽ ആകമാനം ഞെട്ടൽ ഉളവാക്കിയെന്ന് സീറോ മലബാർ സഭയിലെ 33 രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പായുടെ പ്രതിനിധിയും അതിരൂപതയുടെ ഇപ്പോഴത്തെ ഭരണകർത്താവുമായ മെത്രാപ്പോലീത്തായെ അതിരൂപതാംഗങ്ങൾ എന്ന പേരിൽ ചില വ്യക്തികൾ വന്ന് ഭീഷണിപ്പെടുത്തിയ സംഭവം അത്യന്തം അപലനീയവും ദുരൂഹവുമാണ്. കത്തോലിക്കാ സഭയുടെ കെട്ടുറപ്പിനെ തന്നെ തകർക്കാൻ എത്തിയ ഇവർ ക്രൈസ്തവ വിരോധികളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ശ്ലീഹന്മാരുടെ പിൻഗാമികളായ അഭിവന്ദ്യ പിതാക്കന്മാരെ ആദരവോടും ബഹുമാനത്തോടും കൂടെ കാണുന്ന പാരമ്പര്യമാണ് കത്തോലിക്കാ സഭക്കുള്ളത്. ക്രൈസ്തവ ചൈതന്യം തന്നെ നഷ്ടപ്പെട്ട രീതിയിൽ സഭയെ അപമാനിക്കുകയും അഭിവന്ദ്യരായ പിതാക്കന്മാരെ തുടർച്ചയായി ആക്ഷേപിക്കുകയും വിശ്വാസ സമൂഹത്തെ പൊതു സമൂഹത്തിന്റെ മുൻപിൽ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിശ്വാസികൾ പിന്മാറണമെന്നും, ഐക്യത്തിന്റെ കൂദാശയെ തർക്കത്തിന്റെ വേദിയാക്കരുതെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ അഭിപ്രായപ്പെട്ടു.

സഭക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സഭക്കുള്ളിൽ തന്നെ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ തെരുവിലേക്ക് ഇത്തരം പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് സഭയെ സംരക്ഷിക്കാനല്ല; മറിച്ച് തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ വിലയിരുത്തി. ഇത്തരം പ്രവൃത്തികളെ കർശനമായ അച്ചടക്ക നടപടികൾ വഴി നിയന്ത്രിക്കണമെന്ന് സീറോ മലബാർ സിനഡിനോടും വത്തിക്കാനോടും അവർ അഭ്യർത്ഥിച്ചു. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ, ഓറിയന്റൽ കോൺഗ്രിഗേഷൻ എന്നിവർക്ക് പരാതി നൽകുവാനും സെക്രട്ടറിമാർ തീരുമാനിച്ചു.

ഇത്രയും നിന്ദനങ്ങളും അപമാനങ്ങളും ഉണ്ടായിട്ടും ചെറുപുഞ്ചിരിയോടെ, ക്ഷമയോടെ സഭയുടെ നന്മയ്ക്കുവേണ്ടി എല്ലാം സഹിച്ച മാർ ആൻഡ്രൂസ് താഴത്തിന്റെ ധീരോജ്വലമായ മൗനത്തെ സെക്രട്ടറിമാരുടെ കൂട്ടായ്മ അഭിനന്ദിക്കുകയും ചെയ്തു. സീറോ മലബാർ സഭയിൽ മാർപാപ്പയുടെ പ്രതിനിധിയായി വന്ന്, മേജർ ആർച്ച് ബിഷപ്പിനോടും സഭാസിനഡിനോടും ചേർന്ന് മേജർ അതിരൂപതയുടെ ഭരണസാരഥ്യം നിർവഹിക്കുന്ന അഭിവന്ദ്യ താഴത്ത് പിതാവിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സിറോ മലബാർ സഭയുടെ വിവിധ രൂപതകളിലെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരുടെ പ്രതിനിധി ശ്രീ ടി കെ സിറിയക് സീന്യൂസിനെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.