തീരനാട്ടിലെ വിഷരഹിത മത്സ്യങ്ങൾ മലനാട്ടിലേക്ക്: കെസിബിസി സോഷ്യൽ സർവീസ് സൊസൈറ്റികളുടെ നവസംരംഭത്തിന് തുടക്കം കുറിച്ചു

തീരനാട്ടിലെ വിഷരഹിത മത്സ്യങ്ങൾ മലനാട്ടിലേക്ക്: കെസിബിസി സോഷ്യൽ സർവീസ് സൊസൈറ്റികളുടെ  നവസംരംഭത്തിന്  തുടക്കം കുറിച്ചു

കോട്ടയം: തീരജനതയും മലനാടും ഇടനാടും ഒന്നിക്കുന്ന വിപണന ശൃംഖലയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നിന്നും അമോണിയയോ മറ്റു കെമിക്കലുകളോ ഉപയോഗിക്കാത്ത കടൽ മത്സ്യങ്ങൾ പാലാ സോഷ്യൽ സർവീസ് സൊസൈറ്റിയിലെത്തിച്ചേർന്നു. ആഗസ്ത് 12 നു എത്തിയ ആദ്യ ലോഡ് പാലാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ സ്വീകരിച്ചു.

മത്സ്യങ്ങൾ കേടുകൂടാതെയിരിക്കാൻ വ്യാപകമായ രീതിയിൽ കെമിക്കലുകൾ ഉപയോഗിച്ചു വരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. ദിവസങ്ങളും മാസങ്ങളും കഴിയുന്ന മീനുകളാണ് ഏറിയ പങ്കും തീൻ മേശകളിൽ എത്തുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി പ്രാഥമിക ഉൽപ്പാദന-സംഭരണ കേന്ദ്രങ്ങളിൽ നിന്നും ഉപഭോക്താക്കളിലേക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കുക എന്ന കെസിബിസിയുടെ ആശയത്തിനനുസരിച്ച് കേരളത്തിലെ 34 കത്തോലിക്കാ രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികൾ ഈ സംരഭത്തോട് സഹകരിക്കുന്നു. ഇതിന്റെ ആദ്യ പടിയാണ് വിഷരഹിത കടൽ മത്സ്യത്തിന്റെ വിപണനം. കടലിൽ നിന്നും പിടിക്കുന്ന മൽസ്യം ഐസ് മാത്രം ഇട്ടാണ് സൂക്ഷിക്കുന്നത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ഉപഭോക്താവിന്റെ കരങ്ങളിൽ എത്തിയില്ലെങ്കിൽ ചീഞ്ഞു പോകുവാനും സാധ്യത ഏറെയുണ്ട്. വിപണന കേന്ദ്രങ്ങളിൽ ഡീപ് ഫ്രീസിങ് സംവിധാനം ഒരുക്കിയിട്ടില്ലാത്തതിനാൽ, എത്തുന്ന മൽസ്യം അപ്പോൾ തന്നെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഇപ്പോൾ പാലാ രൂപതയും ആലപ്പുഴ രൂപതയും സഹകരിക്കുന്ന ഈ സംരംഭത്തിൽ മറ്റു രൂപതകളും ഉടൻ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിബിസി സോഷ്യൽ സർവീസ് സൊസൈറ്റികളുടെ ചുമതല വഹിക്കുന്ന ഫാ. ജേക്കബ് മാവുങ്കൽ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി ഉൽപ്പാദന-സംഭരണ കേന്ദ്രങ്ങളിൽ നിന്നും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ആശയം പ്രാവർത്തികമായാൽ കാർഷിക മേഖലയ്ക്കും അതോടൊപ്പം തീരദേശ മേഖലയ്ക്കും പുത്തനുർവ് ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.