സ്വർലോക റാണിയായ മറിയം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് കത്തോലിക്കാ സഭയുടെ വിശ്വാസ സത്യമാണ്. വെളിപാടിന്‍റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം പരിശോധിക്കുമ്പോള്‍ അതില്‍ ഒരു സ്ത്രീയെക്കുറിച്ച് വിവരിക്കുന്നുണ്ട്. "സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം." സ്വർഗത്തിൽ ഇത്രമാത്രം വിലമതിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് വിശ്വസിക്കാൻ വലിയ പ്രയാസമൊന്നുമുണ്ടാവില്ല.
ഹെന്നോക്ക് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു (ഉല്‍പ്പത്തി 5:24) ഏലിയാ പ്രവാചകന്‍ അഗ്നിത്തേരാൽ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു (2 രാജാക്കന്മാര്‍ 2:11). അങ്ങനെയെങ്കില്‍ ദൈവ പുത്രന് ജന്മം നല്കിയവളെ, ത്രിയേക ദൈവം ബഹുമാനിച്ചവളെ, ദൈവകൃപ നിറഞ്ഞവളെ, സ്ത്രീകളില്‍ അനുഗ്രഹീതയെ, കര്‍ത്താവ് കൂടെ ഉള്ളവളെ, പുത്രനായ ദൈവം തന്‍റെ അടുക്കലേക്ക് സ്വര്‍ഗത്തിലേക്ക് എടുത്തു എന്ന് വിശ്വസിക്കുന്നതില്‍ എന്താണ് അപാകത? പരിശുദ്ധ മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസം അപ്പസ്തോലന്‍മാരുടെ കാലം മുതല്‍ സഭയില്‍ നിലനില്‍ക്കുന്നതാണ്.
പരിശുദ്ധ മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടത് മനുഷ്യന്റെ പ്രവൃത്തിയല്ല കര്‍ത്താവിന്റെ പ്രവൃത്തിയാണ്. ഇതു ദൈവകുമാരന്റെ അമ്മയെ ബഹുമാനിക്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. മാതാവില്ലാതെ പിതാവില്‍ നിന്നും ജനിച്ചവന്‍, മനുഷ്യാവതാര കാലത്ത് ഭൗമിക പിതാവില്ലാതെ കന്യകയായ മാതാവില്‍ നിന്നും ജനിച്ചവന്‍, തന്റെ അമ്മയെ സ്വര്‍ഗത്തിലേക്കെടുത്ത് സ്വര്‍ഗ രാജ്ഞിയായി വാഴിച്ചു. അങ്ങനെ തനിക്ക് ഉദരത്തില്‍ ഇടം നല്കിയവളെ സ്വര്‍ഗത്തില്‍ ഇടം നല്‍കി ആദരിച്ചു. "സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന മനുഷ്യ പുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല." (യോഹന്നാന്‍ 3:13)
സ്വര്‍ഗത്തില്‍ സ്വയം കയറുകയും സ്വർഗത്തില്‍ നിന്നിറങ്ങുകയും ചെയ്യുന്നവന്‍ ദൈവമാണ്. എന്നാല്‍ ദൈവം തനിക്കിഷ്ടമുള്ളവരെ സ്വര്‍ഗത്തിലേക്കെടുക്കും. അപ്രകാരം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടവളാണ് മറിയം.
"അവന്‍ ഉന്നതത്തിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെ കൊണ്ടു പോയി" (എഫേ 4:8) ക്രിസ്തു തനിക്ക് ഇഷ്ടമുള്ളവരെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. മറിയം സ്വര്‍ഗത്തിലേക്ക് സ്വയം കയറി എന്നല്ല മറിച്ച് ദൈവത്താല്‍ എടുക്കപ്പെട്ടു എന്നാണ് നാം വിശ്വസിക്കേണ്ടത്.
1950 നവംബര്‍ 1 ന് 12-ാം പിയൂസ് മാർപ്പാപ്പ മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ഇത് മാര്‍പ്പാപ്പയുടെ പുതിയ കണ്ടുപിടുത്തമായിരുന്നില്ല. മറിച്ച് കാലാകാലങ്ങളായി പാരമ്പര്യങ്ങളിലൂടെ വിശ്വസിച്ച് പാലിച്ചു പോന്നത് വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വര്‍ഗാരോപണം എന്നാല്‍ മാതാവ് ദൈവത്തിന്റെ ശക്തിയാൽ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നര്‍ത്ഥം (Assumption). യേശുവാകട്ടെ സ്വര്‍ഗാരോഹണമാണ് നടത്തിയത്. അതായത്, യേശു സ്വന്തം ശക്തിയാല്‍ സ്വര്‍ഗത്തിലേക്കു കരേറി.
മറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് കത്തോലിക്കാ മതബോധന ഗ്രന്ഥം പറയുന്നതിപ്രകാരമാണ്; ''ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗാരോപണം അവളുടെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മുന്നാസ്വാദനമാണ്. കൃപാവരത്തിന്റെ ക്രമത്തില്‍ മറിയം വിശ്വാസികളുടെ അമ്മയുമാണ്.'' ജന്മം മുതല്‍ പാപരഹിതയായി ജനിച്ചതിന്റെയും നിത്യകന്യകയായി ജിവിച്ചതിന്റെയും പ്രതിഫലമാണ് മറിയത്തിന്റെ സ്വര്‍ഗ പ്രാപ്‌തി. രക്ഷിക്കപ്പെട്ട സമൂഹത്തിലെ ആദ്യ ഫലമായ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം സഭാപിതാക്കന്‍മാരുടെ പഠനത്തിലും, വി. ഗ്രന്ഥത്തിലും അധിഷ്‌ഠിതമാണ്. മറിയത്തിന്റെ ഉറക്കം, മറിയത്തിന്റെ കടന്നു പോകല്‍, മറിയത്തിന്റെ നിദ്രയുടെ തിരുനാള്‍ എന്നിങ്ങനെ മറ്റ് പല പേരിലും സ്വര്‍ഗാരോപണത്തിരുനാള്‍ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നു.
"മറിയത്തിന്റെ മേല്‍ അതുല്യമായ ആനുകൂല്യങ്ങള്‍ വര്‍ഷിച്ച സര്‍വശക്തനായ ദൈവത്തിന്റെ മഹത്വത്തിന്, അമര്‍ത്യനും യുഗാദിരാജനും പാപത്തെയും മരണത്തെയും ജയിച്ചവനുമായ അവിടുത്തെ സുതന്റെ സ്തുതിക്കും അവിടുത്തെ മഹത്വപൂർണയായ മാതാവിന്റെ പ്രതാപ വര്‍ദ്ധനവിനും സാര്‍വത്രിക സഭയുടെ ആനന്ദത്തിനും ആഹ്‌ളാദത്തിനും വേണ്ടി നമ്മുടെ കര്‍ത്താവായ ഈശോ മിശിഹായുടെയും ഭാഗ്യപ്പെട്ട അപ്പസ്തോലന്മാരായ പത്രോസിന്റെയും പൌലോസിന്റെയും നമ്മുടെ തന്നെയും അധികാരത്തില്‍ ആദ്യാവസാനം നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുകയും ചെയ്യുന്നു; ദൈവത്തിന്‍റെ വിമല മാതാവും നിത്യകന്യകയുമായ മറിയം തന്‍റെ ഐഹിക ജീവിതത്തിന്‍റെ അവസാനം ആത്മ ശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് ദൈവാവിഷ്‌കൃതമായ ഒരു വിശ്വാസ സത്യമാകുന്നു".
വി.ആഗസ്തിനോസ് (എ.ഡി.354-430) പറയുന്നു: "പിതാവായ ദൈവത്തിന്‍റെ ഓമല്‍ കുമാരിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ നിര്‍മല മണവാട്ടിയുമായ പരി.കന്യാമറിയത്തിന്റെ തിരുശരീരം മറ്റു മനുഷ്യരുടേതുപോലെ കൃമികള്‍ക്കാഹാരമായിത്തീരുക ദൈവമഹത്വത്തിനു യോജിച്ചതല്ല".
സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം" (1 രാജാ 8:27). സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവനെ തന്‍റെ ഉദരത്തില്‍ വഹിക്കുവാനുള്ള അനുഗ്രഹം ദൈവം പരിശുദ്ധ കന്യകാമറിയത്തിനു നല്‍കി.
വി.എഫ്രേ൦ (എ.ഡി. 310-378) ഇപ്രകാരം എഴുതിയിരിക്കുന്നു: "ആദിമാതാവായ ഹവ്വ പാപത്തില്‍ വീഴുന്നതിനു മുമ്പ് എത്ര നിര്‍മലയായിരുന്നുവോ അത്രയും നിര്‍മലയായിരുന്നു അമലോത്ഭവയായിരുന്ന കന്യാമറിയം. ഒരു വിധത്തിലും പാപക്കറ പുരളാത്തവളും സെറാഫുകളെക്കാളും കൂടുതല്‍ പരിശുദ്ധിയുള്ളവളുമായ നിര്‍മല കന്യകയാണവള്‍".
വി.ഗ്രിഗറി (എ.ഡി.538-593) ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് ഇപ്രകാരം എഴുതി: "ദൈവ മാതാവിന്റെ തിരുശരീരം സ്വര്‍ഗത്തിലേക്കെടുപ്പിച്ച് നിത്യസൗഭാഗ്യം അനുഭവിക്കുകയാണ്." ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെയുള്ള ക്രിസ്ത്യാനികള്‍ ദൈവമാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിൽ വിശ്വസിച്ചിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് അഞ്ചാം നൂറ്റാണ്ടില്‍ കത്തോലിക്കാസഭയില്‍ നിന്നും വേർപെട്ടു പോയ നെസ്തോറിയന്‍സ്,അർമേനിയന്സ് മുതലായ വിഭാഗങ്ങള്‍ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണത്തിരുന്നാള്‍ ആഘോഷിക്കുന്നു എന്നത്.അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതും അന്നു മുതലേ സാര്‍വത്രിക സഭയില്‍ വിശ്വസിച്ചിരുന്നതുമായ ഒരു വിശ്വാസ സത്യമാണ് മാതാവിന്‍റെ സ്വര്‍ഗാരോപണം.
എല്ലാവർക്കും മാതാവിന്റെ സ്വർഗാരോപണത്തിരുനാൾ ആശംസകൾ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.