ന്യൂയോര്‍ക്ക്: കോവിഡിനും കുരങ്ങുപനിക്കും പിന്നാലെ അമേരിക്കയില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തി. ന്യൂയോര്‍ക്ക് നഗരത്തിലെ മലിനജല സാമ്പിളുകള്‍ പരിശോധിച്ചതിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രാദേശിക തലത്തില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും പ്രതിരോധ കുത്തിവയപ്പുകള്‍ അടിയന്തിരമായി പുനരാരംഭിക്കുന്നതിന് ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായും ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു.
റോക്ക്ലാന്‍ഡ് കൗണ്ടിയില്‍ ജൂലായ് 21 ന് ഒരാളില്‍ പോളിയോ തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. റോക്ക്ലാന്‍ഡ്, ഓറഞ്ച് കൗണ്ടികളില്‍ നിന്നുള്ള മലിനജല സാമ്പിളുകള്‍ ശേഖരിക്കുകയും അവ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മലിനജലത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടത്.
ന്യൂയോര്‍ക്ക് നഗരത്തിലെ മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തുന്നത് ഭയപ്പെടുത്തുന്നതാണെങ്കിലും അത് അതിശയിപ്പിക്കുന്നില്ലെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ഡോ. മേരി ടി. ബാസെറ്റ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പോളിയോ ബാധിച്ച 90 ശതമാനം ആളുകളിലും പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ചിലരില്‍ തൊണ്ടവേദന, പനി, ക്ഷീണം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയും മലത്തിലൂടെയും മറ്റുമാണ് സാധാരണ വൈറസ് പടരുന്നത്. ഒരിക്കല്‍ രോഗത്തില്‍ നിന്ന് മുക്തരായാലും വര്‍ഷങ്ങള്‍ക്ക് ശേഷം പക്ഷാഘാതം, പേശി വേദന, ബലക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
മൂന്ന് ഘട്ടമായുള്ള വാക്‌സിനേഷനാണ് അമേരിക്കയില്‍ പോളിയോ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. മൂന്ന് വാക്‌സിന്‍ എടുത്തവരില്‍ 99 ശതമാനവും രോഗപ്രതിരോധ ശക്തി ലഭിക്കുന്നതായി കണ്ടെത്തി. വാക്‌സിന്‍ എടുത്തിട്ടില്ലാത്തവരില്‍ അപകടസാധ്യത കണ്ടെത്തിയതിനാലാണ് വാസ്‌കിന്‍ അടിയന്തിരമായി നല്‍കാന്‍ നിര്‍ദേശിച്ചതെന്നും മേയര്‍ ആഡംസ് പറഞ്ഞു.
വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ ഏറ്റവും ഭയപ്പെടുത്തുന്ന രോഗങ്ങളിലൊന്നായിരുന്നു പോളിയോ. 1940 കളില്‍ 35,000 ത്തിലധികം ആളുകളിലാണ് പ്രതിവര്‍ഷം പോളിയോ കണ്ടെത്തിയത്. 1955 ല്‍ വാക്‌സിന്‍ കണ്ടുപിടിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തതോടെ രോഗ വ്യാപന തോത് ഗണ്യമായി കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.