ഭാരതം ഇന്ന് ലോകത്തിന്റെ നെറുകയിലെത്തിയതിനു വഴിയൊരുക്കിയത് ജീവത്യാഗമനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനികൾ മൂലമെന്ന് ഡോ. ബാബു സ്റ്റീഫൻ
അഭിമാനകരമായ ഒരു നിമിഷത്തിലാണ് ഇന്ന് എല്ലാ ഭാരതീയരും നെഞ്ചുവിരിച്ച് നിൽക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വർഷങ്ങൾ നാം പിന്നിടുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വൈവിദ്ധ്യങ്ങളാൽ സമ്പന്നമാണ്. ഇന്ന് ലോകത്തിനു മുൻപിൽ തല ഉയർത്തി നിൽക്കാൻ അതിശക്തരായി മാറിയ ഭാരതത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തിൽ കരകയറ്റുന്നതിനു പോരാടിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള രാജശില്പികൾക്ക് ഈ അവസരത്തിൽ ഫൊക്കാനയുടെ പ്രണാമം അർപ്പിക്കുന്നു.അമേരിക്കയിലും ലോകം മുഴുവനുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഫൊക്കാന സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
നിരവധി നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന പ്രദേശമായിരുന്ന ഭാരതമെന്ന ദേശം പിന്നീട് ഇന്ത്യ എന്ന ഒരൊറ്റ രാജ്യമായി മാറിയ ആ മഹാത്ഭുതം നടന്നിട്ട് ഇന്നേക്ക് 75 വർഷം തികയുകയാണ്. എന്തൊരു അത്ഭുതമാണിതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്നൊക്കെ വാക്കുകളിൽ പറയാമെങ്കിൽ ആ തത്വം നടപ്പിലാക്കുകയും അത് ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നൊക്കെ പറയുന്നത് അത്രയൊന്നും എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യം ഏറെ ആഹ്‌ളാദിക്കുന്ന ദിനമാണിത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിയെടുത്ത ദിനമാണ് ആഗസ്റ്റ് 15.
ലോകത്തിലെ ഏതു കോണിലായാലും ഓരോ ഇന്ത്യൻ പൗരനും അഭിമാന ദിനമാണ് ആഗസ്റ്റ് 15. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയിൽ നിന്ന് കരകയറാൻ നമ്മുടെ പൂർവ്വികർ നേരിട്ട ത്യാഗങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഇന്ത്യക്കാർ കടന്നു ചെല്ലാത്ത ഒരു ദേശം പോലും ലോകത്തില്ല. അതുകൊണ്ടു തന്നെ ഈ ദിനത്തിൽ ലോകത്തിലെ എല്ലാ കോണുകളിലും ത്രിവർണ പതാകകൾ പ്രൗഢിയോടെ പാറിക്കളിക്കും.
2022 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി (75) ആഘോഷിക്കുമ്പോൾ ആ ദിവസം ഏവരെയും ഓർമ്മപ്പെടുത്തുന്നത്, അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ചരിത്രപരമായ സന്ദർഭത്തെ ആണ് .
സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന അതേ വർഷം തന്നെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരിയായി ഒരു ഇന്ത്യക്കാരൻ ആകുമെന്നതിന്റെ സാധ്യത തെളിഞ്ഞിരിക്കുകയാണ്. കാലം കരുതിവച്ച ഒരു കാവ്യ നീതിയായിട്ടേ അതിനെ ഓരോ ഇന്ത്യക്കാരനും കാണാൻ കഴിയു. നമ്മെ ആരു അടക്കി ഭരിച്ചിരുന്നുവോ അവരെ നാം ഭരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവന്നത് ലോകത്ത് ഭാരതത്തിന്റ സ്ഥാനം ഇന്ന് എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവാണ്. ഇന്ത്യൻ വംശനായ് ഋഷി സുനക് പ്രധാനമന്ത്രിയാവുന്നത് കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ബഹുഭൂരിഭാഗവും വരുന്ന ജനത. ചരിത്രം തിരുത്തിയെഴുതുന്ന ആ ദിനം സാധൂകരിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു മധുരതരമായ പ്രതികാരം കൂടിയായിരിക്കും അതെന്നതിൽ ആർക്കും സംശയമില്ല.
1757ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി മുഖേന ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം സ്ഥാപിതമാവുകയും കമ്പനി 100 വർഷത്തോളം ഇന്ത്യയെ നിയന്ത്രിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം യഥാർത്ഥത്തിൽ ആരംഭിച്ചത് 1857ലെ ഇന്ത്യൻ കലാപത്തോടെയാണ്. ബ്രിട്ടീഷുകാർ 'വിഭജിച്ച് ഭരിക്കുക നയം' എന്ന തന്ത്രം മെല്ലെ മെല്ലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രാവർത്തികമാക്കി. പിന്നീട് ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി.
ബ്രിട്ടീഷ് രാജിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ സങ്കൽപ്പിക്കാനാവാത്ത വേദനയിലൂടെ കടന്നുപോകുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് പോരാളികളോടൊപ്പം മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാത്മകവും സിവിൽ നിസ്സഹകരണ പ്രസ്ഥാനവുമാണ് ബ്രിട്ടീഷുകാരെ ഇന്ത്യ വിടാൻ നിർബന്ധിച്ചത്. അതുകൊണ്ടു തന്നെ, 75–ാമത് സ്വാതന്ത്ര്യദിനം തികഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും ആഘോഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റയും കടമ കൂടിയാണ്.
നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ മഹാത്മാക്കളുടെയും ഓർമകൾ നമുക്ക് നിലനിർത്താം. എല്ലാവർക്കും ഫൊക്കാനയുടെ 2022ലെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു!
നമുക്ക് സ്വാതന്ത്ര്യം സാധ്യമാക്കിയവരെ നാം ഇന്ന് വിലമതിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കാൻ പ്രയാസമാണ്, പക്ഷേ അത് ലഭിച്ചതിൽ നമ്മൾ അനുഗ്രഹിക്കപ്പെട്ടവരാണ്. നമുക്കുള്ളതെല്ലാം വിലമതിക്കുകയും സ്വാതന്ത്ര്യത്തിന്റെ മഹത്തായ അത്ഭുതം ആഘോഷിക്കുകയും ചെയ്യാം. സ്വാതന്ത്ര്യദിനാശംസകൾ.
ഒരുപാട് ത്യാഗങ്ങൾക്ക് ശേഷമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്; നാം അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമര മാർഗങ്ങൾ. ജവഹർലാൽ നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സമീപനം. ഒന്നുമില്ലാതായിപ്പോയ രാജ്യത്തെ വീണ്ടെടുക്കാനായി നടത്തിയ തീവ്രശ്രമങ്ങൾ. ഇതൊന്നും ആർക്കും വിസ്മരിക്കാനാവുന്നതല്ല.
നെഹ്രുവും ഇന്ദിരാ ഗാന്ധിയും പാകിയ വികസനപാതയിലൂടെ സഞ്ചരിച്ചതിനാലാണ് ഇന്ത്യ ഇന്നീ കാണുന്ന രീതിയിലുള്ള വികസനത്തെ പുൽകിയത്. ഐ ടി രംഗത്തുണ്ടായ കുതിച്ചു ചാട്ടം ഇന്ത്യൻ സാമ്പത്തിക രംഗത്തെ മറ്റേതൊരു വികസിത രാജ്യത്തെയും വെല്ലുവിളിക്കാൻ പാകത്തിലാക്കി മാറ്റി. രാജീവ് ഗാന്ധിയാണ് ഇന്ത്യയെ ഇൻഫർമേഷൻ ടെക്‌നോളജിയിൽ വളർത്തിയെടുത്തത്. പിന്നീട് മൻമോഹൻ സിംഗ് വളർത്തിയെടുത്ത സാമ്പത്തിക മേഖലയെ അതിനു ശേഷം വന്ന നരേന്ദ്ര മോഡി സർക്കാർ ഏറെ മുന്നോട്ടേക്ക് നയിച്ചു എന്നു പറയാം.
ഇന്ന് ലോകത്തിന്റെ നെറുകയിൽ ഇന്ത്യക്കാർ എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയ മഹാരഥന്മാരെ നമുക്ക് കൃതജ്ഞതയോടെ ഓർക്കാം. സ്വന്തം മണ്ണിൽ ജീവിക്കാൻ സ്വാന്തന്ത്ര്യം നഷ്ട്ടപ്പെട്ട നമ്മുടെ പൂർവികരെ അടിമകളെപ്പോലെ പീഡിപ്പിച്ച സാമ്രാജ്യത്വ ശക്തികൾക്കെതിരെ നടത്തിയ പോരാട്ടത്തിൽ അനേകമാളുകളാണ് രക്തസാക്ഷിത്വം വരിച്ചത്. ഭാരതത്തിന്റെ വൈവിധ്യമാർന്ന സമ്പത്തുകൾ കൊള്ളയടിച്ച ബ്രിട്ടിഷുകാർ ഭാരതത്തെ സ്വതന്ത്രമാക്കുന്ന വേളയിലും രാജ്യത്തെ രണ്ടായി വെട്ടിപ്പിളർന്നത് ഇന്ത്യയെന്ന രാജ്യം ഒരിക്കലും ഉയർന്നു വരരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ്. എന്നാൽ ബ്രിട്ടീഷുകാർക്ക് കവർന്നെടുക്കാൻ കഴിഞ്ഞത് രാജ്യത്തിൻറെ ഭൗതിക സമ്പത്തുകൾ മാത്രമാണ്. എല്ലാം കവർന്നെടുത്ത് കരിമ്പിൻ ചണ്ടി പോലെയാക്കിയപ്പോൾ അവർ കരുതിപ്പോയത് ഭാരതം എന്നും അവികസിത രാഷ്ട്രമായി തുടരുമെന്നായിരുന്നു. എന്നാൽ ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് 130 കൊടിയില്പരം വരുന്ന ജനസംഖ്യയാണ്. അറിവുകൊണ്ടും കഴിവുകൊണ്ടും ഒരു വലിയ ജനതയെ സൃഷ്ടിക്കാൻ നമ്മുടെ പൂർവികർക്ക് കഴിഞ്ഞു. ആരോഗ്യം, സാമ്പത്തികം, ശാസ്ത്ര സാങ്കേതിക വിദ്യകൾ തുടങ്ങിയ സമസ്ത മേഖലകളിലും മേൽക്കോയ്മ കാട്ടുന്ന ഒരു വലിയ ജനത നമുക്കുണ്ടായത് നമ്മുടെ പൂർവികരുടെ ത്യാഗങ്ങൾ കൊണ്ടു മാത്രമാണ്.
സ്വാതന്ത്ര്യം പണം കൊണ്ട് വാങ്ങാനാവില്ല. ബ്രിട്ടീഷ് ഭരണത്തിനെതിരായ വർഷങ്ങളുടെ പോരാട്ടത്തിലൂടെയാണ് നാം സമ്പാദിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ എല്ലാവരെയും ഓർക്കാം. ജയ് ഹിന്ദ്!
നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സൈനികർക്കും ഒരു ബിഗ് സല്യൂട്ട്! ജയ് ഹിന്ദ്!
നമ്മുടെ ഭൂതകാലത്തെ ഓർമ്മിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ സ്വാതന്ത്ര്യം നിലനിർത്താനും അത് വർഷങ്ങളിലൂടെ കൊണ്ടുപോകാനും എല്ലാം ചെയ്യാം. ഒരിക്കൽ കൂടി എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.