ഏഷ്യാകപ്പ് ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിനുളള ടിക്കറ്റുകള്‍ വിറ്റുതീർന്നു, മുന്നറിയിപ്പ് നല്‍കി സംഘാടകർ

ഏഷ്യാകപ്പ് ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിനുളള ടിക്കറ്റുകള്‍ വിറ്റുതീർന്നു, മുന്നറിയിപ്പ് നല്‍കി സംഘാടകർ

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യാ പാകിസ്ഥാന്‍ മത്സരത്തിനുളള ടിക്കറ്റുകള്‍ വില്‍പന തുടങ്ങി മൂന്ന് മണിക്കൂറിനുളളില്‍ വിറ്റുതീർന്നു. ഏഷ്യാകപ്പില്‍ ആരാധകബാഹുല്യം കൊണ്ട് ശ്രദ്ധ നേടുമെന്ന് വിലയിരുത്തുന്ന മത്സരമാണ് 28 ന് നടക്കാനിരിക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ മത്സരം. അതേസമയം തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നവരും കുറവല്ലെന്നാണ് റിപ്പോർട്ട്. ക്ലാസീഫീല്‍ഡ് വെബ്സൈറ്റായ ഡുബിസിലില്‍ 5500 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്. 2500 ന്‍റെ ടിക്കറ്റാണിത്. 250 ദി‍ർഹത്തിന്‍റെ സാധാരണ ടിക്കറ്റിന് ഡുബിസിലില്‍ 700 ദിർഹമാണ്. 

അതേസമയം വീണ്ടും വില്‍പനയ്ക്ക് വച്ചിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കിയതായി ഏഷ്യാകപ്പ് ടിക്കറ്റ് പങ്കാളിയായ പ്ലാറ്റിനം ലിസ്റ്റ് മുന്നറിയിപ്പ് നല‍്കി.സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ടിക്കറ്റുകൾ വീണ്ടും വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ടാമത് വില്‍ക്കുന്ന ടിക്കറ്റുകള്‍ വാങ്ങരുതെന്ന് ഉപഭോക്താക്കള്‍ക്ക് പ്ലാറ്റിനം ലിസ്റ്റ് ഓർമ്മിപ്പിച്ചിട്ടുണ്ട്.ഇത്തരത്തിലുളള ടിക്കറ്റുകള്‍ സാധുതയുളളതായിരിക്കില്ല. അതല്ലെങ്കില്‍ റദ്ദാക്കപ്പെടാനുളള സാധ്യതയുമുണ്ടെന്നാണ് ഓർമ്മപ്പെടുത്തല്‍.

മത്സരം കാണാനായി പ്രവേശിക്കുന്ന സമയത്ത് ഉപഭോക്താക്കൾ ഫോട്ടോ ഐഡി തെളിവായി നൽകണമെന്ന് ടിക്കറ്റിംഗ് പ്ലാറ്റ്ഫോം അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തങ്ങളുടെ മുഴുവൻ പേരും തെളിവ് സഹിതം സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു. യുഎഇയിലുടനീളമുളള ആയിരകണക്കിന് ആരാധകർ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുളള ടിക്കറ്റ് ലഭിക്കാന്‍ മണിക്കൂറുകളാണ് ഓണ്‍ലൈനില്‍ കാത്തിരുന്നത്.മത്സരത്തിന്റെ അടുത്ത ബാച്ച് ടിക്കറ്റുകൾ ഉടൻ പുറത്തിറക്കുമെന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.