തിരുവനന്തപുരം: ലോകായുക്തയുടെ ചിറക് അരിയുന്ന ഭേദഗതി ബില്ലിനെ മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തെങ്കിലും പിടിമുറുക്കിയതോടെ വഴങ്ങി. ബില്‍ പാസാക്കുമ്പോള്‍ റവന്യു മന്ത്രി കെ. രാജനും കൂടി ഉള്‍പ്പെട്ട പ്രത്യേക സമിതിയെ അപ്പീല്‍ അധികാരിയാക്കണമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ അെംഗീകരിച്ചത്.
സി.പി.ഐയുടെ തടയിടല്‍ ഈ സമ്മേളനത്തില്‍ ലോകായുക്ത ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് തടസമാകുമെന്ന് കണ്ട് ഒത്തുതീര്‍പ്പിന് വഴങ്ങുകയായിരുന്നു. സമ്മേളനം നേരത്തേ വിളിച്ചതിന്റെ പ്രധാന ലക്ഷ്യം തന്നെ ഈ ബില്‍ പാസാക്കുക എന്നതായിരുന്നു.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി ബില്‍ തയാറാക്കുന്നതു നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാര്‍ സമ്മതം മൂളി. ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീല്‍ അധികാരിയായി മുഖ്യമന്ത്രി, ഗവര്‍ണര്‍, സര്‍ക്കാര്‍ എന്നിവരെ നിശ്ചയിച്ചുള്ള ഭേദഗതിയെയാണ് സിപിഐ മന്ത്രിമാര്‍ എതിര്‍ത്തത്. അപ്പീല്‍ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉള്‍പ്പെടുന്ന സമിതിക്കായി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാര്‍ട്ടിക്കു ലഭിച്ച വാഗ്ദാനം.
അഞ്ചംഗ അപ്പീല്‍ സമിതി ലോകായുക്തയുടെ അന്തിമ വിധി പരിശോധിക്കണമെന്ന ആവശ്യമായിരിക്കും സിപിഐ നിയമസഭയില്‍ ഉന്നയിക്കുക. സമിതിയില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, റവന്യു, നിയമ മന്ത്രിമാര്‍ എന്നിവരുണ്ടാകും. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിനായിരിക്കും മുന്‍തൂക്കം.
മന്ത്രിസഭാ യോഗത്തിനു മുന്‍പു മന്ത്രി കെ.രാജന്റെ ചേംബറില്‍ യോഗം ചേര്‍ന്ന സിപിഐ മന്ത്രിമാര്‍ ഭേദഗതിയെ എതിര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോള്‍ രാജന്‍ എതിര്‍പ്പ് അറിയിച്ചു. പി.പ്രസാദ് പിന്തുണച്ചു.
മുന്‍പുണ്ടായിരുന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കരടു ബില്‍ അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദായ ശേഷം ബില്‍ കൊണ്ടു വരുന്നതു വരെ അതിനു നിയമ പ്രാബല്യം ലഭിക്കില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതടക്കം റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.