സീറോ മലബാർ സഭയിൽ ആരാധനാക്രമ ഐക്യം ഉണ്ടായേ മതിയാവു. അത് കത്തോലിക്കാ കൂട്ടായ്മയിൽ ഉൾപ്പെട്ട പൗരസ്ത്യ വ്യക്തി സഭകളുടെ ആരാധനാക്രമ പൈതൃകം എങ്ങനെ സംരക്ഷിക്കണം എന്ന് വ്യക്തമാക്കിയ OE 6 [Decree on Eastern Churches (OE)] അടിസ്ഥാനത്തിൽ തന്നെ ആകണം.
ആരാധനാക്രമ പുനരുദ്ധാരണ കാലത്ത് പൈതൃകത്തോടു ചേർന്ന് നിൽക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതും അതിനായി ശക്തമായ നടപടികൾ എടുത്തതും മാർപ്പാപ്പാമാർ തന്നെയാണ്. കാരണം, ഓരോ പൗരസ്ത്യ സഭയുടെയും ആരാധനാക്രമം ആഗോള സഭയുടെ പൊതു സ്വത്തും പൈതൃകവുമാണെന്ന ബോധ്യവും തിരിച്ചറിവും മാർപ്പാപ്പാമാർക്കുണ്ട്.
മാർ വർക്കി വിതയത്തിൽ പിതാവ് മെത്രാൻ ആയി എറണാകുളത്ത് വരുന്നതിനു മുൻപും വന്ന ശേഷവും, എറണാകുളം കേന്ദ്രമായി ചിലർ ജനാഭിമുഖ കുർബാനക്ക് വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും അവർ അതു തുടരുന്നു. അന്ന് സോഷ്യൽ മീഡിയ ഇത്ര സജീവമല്ലാതിരുന്നതുകൊണ്ട് പൊതു സമൂഹം അധികം അറിഞ്ഞിരുന്നില്ല. പ്രതിഷേധം അന്നും ഉണ്ടായിരുന്നു. തലമുറ മാറിയപ്പോൾ, പുതിയ ആളുകൾ വന്നു എന്ന് മാത്രം. സീറോ മലബാർ സഭയിലെ പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ആരാധനാക്രമ പ്രതിസന്ധിക്ക് അവസാനം ഉണ്ടായേ മതിയാകൂ.
ഭിന്നാഭിപ്രായം അഥവാ വിരുദ്ധ നിലപാട് എടുക്കുന്ന ചിലരുടെ ജനാഭിമുഖ കുർബാനക്കു വേണ്ടിയുള്ള വാദങ്ങൾക്ക് ഈ സഭയിൽ യാതൊരു അടിസ്ഥാനവും ഇല്ല എന്ന് പരിശുദ്ധ സിംഹാസനം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിനഭിമുഖമായി ജനം ബലിയർപ്പിക്കുക എന്ന പൗരസ്ത്യ ആരാധനാക്രമ ദൈവശാസ്ത്രം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉണ്ടാകണം. അവിടുത്തെ വിശ്വാസികളും വൈദികരും അത് ആഴത്തിൽ പഠിക്കണം. സഭ വിശ്വാസ പരിശീലനത്തിൽ ഇത്തരം ആരാധനാക്രമങ്ങൾ നിർബന്ധമായും പഠിപ്പിക്കണം. പ്രസ്തുത ആരാധനാക്രമം എറണാകുളം-അങ്കമാലി അതിരൂപതയിൽ ഉടൻ തന്നെ നടപ്പിൽ വരാൻ ഭൂരിഭാഗം വിശ്വാസികളും ആഗ്രഹിക്കുന്നവരാണ് എന്നതാണ് സത്യം .
പരീക്ഷണാർത്ഥം കൊണ്ടുവന്ന കുർബാന കർദിനാൾ പാറേക്കാട്ടിൽ സിറോ മലബാർ സഭാതലവൻ ആയിരുന്ന കാലത്താണ് ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ ആദ്യമായി പരീക്ഷണാർത്ഥം ഉപയോഗിച്ചു തുടങ്ങുന്നത്. അതായത് 1968-ൽ ആണ് സീറോ മലബാർ സഭയിൽ ജനാഭിമുഖ കുർബാന തുടങ്ങിയത്.1968 ഓഗസ്റ്റ് 6 ന് ജനാഭിമുഖ കുർബാന ടെക്സ്റ്റ് അംഗീകാരത്തിനായി റോമിൽ, തൃശൂർ മെത്രാൻ ആയിരുന്ന മാർ ജോർജ് ആലപ്പാട്ട് സമർപ്പിക്കുന്നു. പിറ്റേ ദിവസം, അതായത്, 1968 ഓഗസ്റ്റ് 7 ന് പ്രസ്തുത ക്രമം റോം അംഗീകരിച്ചു. ജനാഭിമുഖ കുർബാന ക്രമം, രണ്ടു വർഷം പരീക്ഷണാർത്ഥം ഉപയോഗിക്കാൻ ആണ് നമ്മുടെ സഭയെ റോം അനുവദിച്ചത്. പ്രസ്തുത രേഖ ഓഗസ്റ്റ് 7 നു സന്ദേശം ആയി, ഡൽഹിയിൽ നുൻഷിയോ ഓഫീസിൽ എത്തുന്നു. ഡൽഹിയിലെ നുൻഷിയോ ഓഫീസിൽ നിന്ന്, അംഗീകാരപത്രം ഈ സഭക്ക് ലഭിക്കുന്നത് 1968 ഓഗസ്റ്റ് 9 ന്. 1968 ഓഗസ്റ്റ് 15 ന് ഈ സഭയിൽ ജനാഭിമുഖ കുർബാന പരീക്ഷണാർത്ഥം ഉപയോഗിച്ചു തുടങ്ങി. കാര്യമായ പഠനം നടത്താതെ സിറോ മലബാർ സഭയിൽ റോം അനുവദിച്ച ജനാഭിമുഖ കുർബാന ക്രമം പരീക്ഷണാർത്ഥം മാത്രം, സിറോ മലബാർ സഭയിൽ അനുവദിച്ചതാണ് എന്ന് വ്യക്തം.
1969 മെയ് 9 നു റോമിൽ നിന്ന് സീറോ മലബാർ സഭക്ക് വീണ്ടും ജനാഭിമുഖ കുർബാന മാറ്റി തനതായ പൗരസ്ത്യ രീതിയിൽ ദൈവത്തിനു അഭിമുഖമായി ജനം ബലിയർപ്പിക്കുക എന്ന നിർദേശം ലഭിക്കുന്നു. ഒരു കാരണവശാലും പരീക്ഷണാർത്ഥം ഉള്ള ജനാഭിമുഖ കുർബാന നീട്ടില്ല എന്ന് റോം ഈ സഭയെ അറിയിക്കുന്നു. പക്ഷേ, പിന്നെയും മാർ പാറേക്കാട്ടിലിന്റെ കാലത്ത് പ്രസ്തുത ക്രമം, പരീക്ഷണാർത്ഥം നീട്ടിക്കൊണ്ടു പോയി. അവസാനം, 1984 ഏപ്രിൽ 1 നു ഗത്യന്തരമില്ലാതെ മാർ പാറേക്കാട്ടിലിന്റെ രാജി പരിശുദ്ധ സിംഹാസനം ചോദിച്ചു വാങ്ങേണ്ട സാഹചര്യമെത്തിയത് ചരിത്രം. സീറോ മലബാർ സഭയിൽ, പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിൽ, ജനാഭിമുഖ കുർബാനയുടെ ഉപയോഗം ഈ കാലമത്രയും നീണ്ടു പോകാൻ കാരണം ഈ പരീക്ഷണമാണ്. ഇത്തരം ആരാധനാക്രമ പരീക്ഷണങ്ങളാണ് നമ്മുടെ സഭയെ എറണാകുളത്ത് തളർത്തിയത്.
ഈ സഭയുടെ ആരാധനാക്രമം 1962 ജൂലൈയിൽ പുനരുദ്ധരിച്ച ആരാധനാക്രമമാണ്. അത് പലവട്ടം റോം വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ക്രമം മദ്ബഹ അഭിമുഖം ആണ്. ഇതിന്റെ പരിഷ്കരിച്ച രൂപം ആണ് 1986 ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പാ കോട്ടയത്ത് വന്നു അർപ്പിച്ച് തുടക്കമിട്ട ക്രമം. മാർ വർക്കി വിതയത്തിൽ പിതാവിന്റെ കാലത്ത് ഈ ക്രമം പരിഷ്കരിച്ചതാണ് 50:50 എന്ന ക്രമം. അതിനാണ് 2021 ജൂലൈ 3 ന് റോമിന്റെ അംഗീകാരം ലഭിക്കുന്നതും 2021 നവംബർ 28 മുതൽ ഈ സഭയിൽ മുഴുവൻ നടപ്പിൽ വരുത്തിയതുമായ 50:50 ക്രമം.
ദൈവികമായ അനുസരണം സീറോ മലബാർ സഭയുടെ ആത്മീയ പാരമ്പര്യമാകണം
മാർ കരിയിൽ മെത്രാൻ നിരന്തരം 2021 നവംബർ 28 മുതൽ ഈ സഭയിൽ മുഴുവൻ നടപ്പിൽ വരുത്തിയ 50:50 ക്രമം എറണാകുളം അതിരൂപതയിലും നടപ്പിൽ വരും എന്ന് പറഞ്ഞത് ഒന്നും ആത്മാർത്ഥമായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ചില പ്രവർത്തികൾ വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ആരാധനാക്രമ വിഷയങ്ങൾ വഷളാക്കിയത് ഇത്തരം പ്രവർത്തികളാണ്. മെത്രാനടുത്ത ഉത്തരവാദിത്വം ചെയ്യാതിരുന്ന കരിയിൽ മെത്രാന്റെ രാജി പരിശുദ്ധ സിംഹാസനം വാങ്ങിയത് അദ്ദേഹം പ്രശ്ന പരിഹാരത്തിനു പരിശ്രമിക്കില്ല എന്ന ഉറച്ച ബോധ്യത്തിൽ തന്നെ ആണ്. ആരും സഭയുടെ നിയമങ്ങൾക്ക് അതീതരല്ല. മാർ കരിയിൽ മെത്രാന്റെ രാജി, റോമിന്റെ ഏറ്റവും നല്ല ഒരു തീരുമാനം തന്നെ ആയിരുന്നുവെന്ന് ഭാവി സഭാചരിത്രം തെളിയിക്കും. ദൈവികമായ അനുസരണം സീറോ മലബാർ സഭയുടെ ആത്മീയ പാരമ്പര്യമാകണം.
ചില വൈദികർ ഭിന്ന നിലപാട് തിരുത്തണം
എറണാകുളത്തെ സഭാ വിരുദ്ധരായ വൈദികർ, അവരുടെ നിലപാട് തിരുത്തണം. ഭിന്നാഭിപ്രായങ്ങളെ സഭ എന്നും മാനിക്കുന്നുണ്ട്. എങ്കിലും സഭയുടെ നന്മ ആഗ്രഹിക്കുന്നുവെങ്കിൽ എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വം നമ്മുടെ സഭയുടെ ശരിയായ ആരാധനാക്രമ പൈതൃകത്തെക്കുറിച്ചുള്ള ബോധവത്കരണ നടപടി തുടരുക. ദയവായി യുവതലമുറയെ തെറ്റിദ്ധരിപ്പിക്കരുത്. മിക്ക രൂപതകളിലും ആരാധനാക്രമ കാര്യങ്ങൾ പഠിപ്പിക്കാൻ സ്ഥാപനങ്ങൾ ഉള്ളതുപോലെ സഭാകേന്ദ്രത്തിലും സഭാസിനഡിന്റെ നേതൃത്വത്തിൽ അത്തരം പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക. സീറോ മലബാർ സഭയുടെ ആരാധനാക്രമ സത്യം അറിയാൻ ആഗ്രഹിക്കുന്നവർ പഠിക്കട്ടെ. സത്യം മനസിലാക്കട്ടെ. ആരാധനാക്രമാധിഷ്ഠിതമായ ദൈവശാസ്ത്ര പഠനം 1960 കളിൽ നമ്മുടെ സെമിനാരികളിലുണ്ടായിരുന്നില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് ഈ രംഗത്ത് നാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അൾത്താരാഭിമുഖമായി മിശിഹാ രഹസ്യങ്ങൾ പരികർമം ചെയ്യുക എന്നത് എല്ലാ പൗരസ്ത്യസഭകളുടേയും പാരമ്പര്യമാണ്. സീറോ മലബാർ സഭാ ആരാധനാക്രമം അനുഷ്‌ഠിക്കാത്തവർക്ക് സഭാ വൈദിക തിരുപട്ടം ഇനിയും ഒരിക്കലും നൽകരുത്. സീറോ മലബാർ സഭാ പാരമ്പര്യം പഠിപ്പിക്കുന്ന സെമിനാരികളിൽ മാത്രം വൈദിക പരിശീലനം നൽകാൻ സഭാ നേതൃത്വം ആവുന്നതും പരിശ്രമിക്കണം.
പരീക്ഷണാർത്ഥം കൊണ്ടുവന്ന ജനാഭിമുഖ കുർബാന Versus Populum
ജനാഭിമുഖ കുർബാന Versus Populum എന്ന ലത്തീൻ വാക്ക് സൂചിപ്പിക്കുന്നത് ജനാഭിമുഖമെന്നാണ്. 1920 കളിൽ ചില യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ലിറ്റർജിക്കൽ പ്രസ്ഥാനങ്ങളുടെ ഭാഗമെന്നോണം ആണ് ജനാഭിമുഖ ബലിയർപ്പണ രീതി ലത്തീൻ സഭയിൽ ആവിർഭവിച്ചത്. പിന്നീട് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം അത് പ്രചുരപ്രചാരം നേടി. വിശുദ്ധ കുർബാന അർപ്പണത്തിലെ വിരുന്ന് എന്ന ഘടകത്തിന് അമിത പ്രാധാന്യം നൽകിയപ്പോഴാണ് ഇത്തരം രീതി പ്രചാരത്തിലായത്. മാത്രമല്ല ഈശോ ജനങ്ങളുടെ ഇടയിൽ നിന്ന് പഠിപ്പിക്കുന്ന ഗുരു എന്ന നിലയ്ക്കും ഈ രീതിക്ക് പ്രാമുഖ്യം നൽകി. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം ലത്തീൻ സഭയുടെ കൂടി അപ്പസ്തോലിക പാരമ്പര്യമായ മദ്ബഹാ അഭിമുഖ ബലിയർപ്പണം (Ad Orientem) ആ സഭയിൽ ഒരിക്കലും നിരോധിച്ചിട്ടില്ല എന്നതാണ്. മെത്രാന്റെ അനുവാദത്തോടെ ഇന്നും മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്ന ദേവാലയങ്ങൾ ലത്തീൻ സഭയിൽ ഉണ്ട്. 50 വർഷത്തെ ജനാഭിമുഖ കുർബാന പാരമ്പര്യം പറയുന്നവർ 2000 വർഷത്തെ നസ്രാണി പാരമ്പര്യം മറന്നു പോകുന്നു.
മഹാനായ ലിങ്കൺ പറഞ്ഞത് ശരിയാണ്: "നിങ്ങൾക്ക് എല്ലാവരേയും കുറച്ചുകാലത്തേക്ക് കബളിപ്പിക്കാൻ കഴിയും. നിങ്ങൾക്ക് എല്ലായ്‌പ്പോഴും ചിലരെ കബളിപ്പിക്കാം. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും എല്ലാവരേയും കബളിപ്പിക്കാൻ കഴിയില്ല". പരീക്ഷണാർത്ഥം കൊണ്ടുവന്ന ജനാഭിമുഖ കുർബാനക്കാര്യം പറഞ്ഞു കൊണ്ട് എത്ര നാൾ വിശ്വാസികളെ കബളിപ്പിക്കാനാകും?
ആരാധനക്രമത്തെക്കുറിച്ച് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിക്കട്ടെ
"മഹത്തായ യാഥാർഥ്യം നമ്മുടെയടുത്തേക്ക് കൊണ്ടുവരുന്ന മഹാവിരുന്നിനെ നാം തന്നെ നിർമിക്കുകയല്ല; മറിച്ച്, ഒരു ദാനമായി നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്. വ്യക്തികളുടെ മനസ്സുകളിലും ആസൂത്രണ വേദികളിലും ഉദിക്കുന്നത് എന്തോ അതിൽ നിന്നല്ല ആരാധനാക്രമത്തിൽ ജീവൻ വരുന്നത്. മറിച്ച്, ഇത് യഥാർത്ഥ വിമോചനത്തിന്റെ ഉറവിടമായ ദൈവത്തിന്റെ ഭൂമിയുടെ മേലുള്ള അവരോഹണമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനം തുറക്കാൻ അവനു മാത്രമേ സാധിക്കുകയുള്ളൂ. വൈദികരും വിശ്വാസികളും തങ്ങളെത്തന്നെ എത്രമാത്രം വിനീതമായി സമർപ്പിക്കുന്നുവോ അത്രത്തോളം കൂടുതൽ ആരാധനാക്രമം സ്ഥിരമായി നവമായിരിക്കും". (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ: Ref.ലിറ്റർജിയുടെ ചൈതന്യം - ഭാഗം 4, അധ്യായം 1).
വിശ്വാസികൾ ശരിയായി സീറോ മലബാർ സഭാ ദൈവശാസ്ത്രം പഠിക്കട്ടെ
സഭയിലെ സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാകത്തക്ക വിധം സീറോ മലബാർ സഭാ ആരാധനാക്രമത്തിലെ റോമൻ രേഖകൾ "Roman Documents on the Syro-Malabar Liturgy" എന്ന ഗ്രന്ഥം മലയാളത്തിൽ ലഭ്യമാക്കണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട എറണാകുളം-അങ്കമാലി അതിരൂപതയിലെ, ചില ജനാഭിമുഖ അനുകൂല സമൂഹത്തിന്, കുറച്ചൊക്കെ തെറ്റിദ്ധാരണ മാറ്റാൻ അതിലൂടെ സാധിക്കും. ചില വ്യക്തികളുടെ ധാർഷ്ട്യവും പിടിവാശിയും മൂലമാണ് നമുക്ക് നമ്മുടെ കൂട്ടായ്മയും നൂറ്റാണ്ടുകളായി സഭ സംരക്ഷിച്ചു പോന്ന വിശ്വാസ പൈത്യകവും നഷ്ടമാകുന്നത്. ഇത്തരം ആൾക്കാർ സീറോ മലബാർ സഭയുടെ പ്രബോധനങ്ങൾ ശ്രദ്ധാപൂർവം പഠിച്ച് സഭയുടെ മനസ്സ് എന്തെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ വരുംതലമുറ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായി ഇത്തരക്കാരെ അടയാളപ്പെടുത്തുമെന്നതിൽ സംശയമില്ല. സീറോ മലബാർ സഭയുടെ പാരമ്പര്യവും ശരിയായ ലിറ്റർജിയുടെ ദൈവശാസ്ത്രവും വിശ്വാസികളും വൈദികരും പഠിക്കട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.