കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍

കൊച്ചി: മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദ് പിടിയില്‍. കാസര്‍കോട് അതിര്‍ത്തിയില്‍വച്ചാണ് യുവാവിനെ പിടികൂടിയത്. കര്‍ണാടകയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

സജീവ് കൃഷ്ണയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യുവാവിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്. ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിലായിരുന്നു സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. അര്‍ഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താന്‍ സ്ഥലത്തില്ലെന്ന സന്ദേശം അയച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സജീവ് ഏറ്റവും അവസാനം കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നീട് പലവട്ടം വിളിച്ചിട്ടും കിട്ടാത്തതുകൊണ്ടാണു സഹോദരനെയും ബന്ധുവിനെയും കൊച്ചിയിലേക്ക് അയച്ചതെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്നാണ് പിതാവ് കെ.കെ.റസാഖ് പറയുന്നത്. പത്തുദിവസം മുന്‍പ് അര്‍ഷാദ് തന്റെ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നു. തിരികെ വരാന്‍ 500 രൂപ വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയിരുന്നില്ല.

കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ളാറ്റിലാണു സംഭവം. സജീവ് ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നു പേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുണ്ട്.

അര്‍ഷാദ് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.