തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. 31 വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.
സ്ഥലത്തെ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്.
അതേസമയം, വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഏഴ് വര്‍ഷമായി ഭവരന രഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സമരക്കാരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ലെന്നും ഫാ. യൂജിന്‍ പേരേര പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.