വി. ആന്റണി മേരി ക്ലാരറ്റിന്റെ ജീവിതം പ്രമേയമാക്കിയ 'സ്ലേവ്‌സ് ആന്‍ഡ് കിംഗ്‌സ്' തീയറ്ററുകളിലേക്ക്

വി. ആന്റണി മേരി ക്ലാരറ്റിന്റെ ജീവിതം പ്രമേയമാക്കിയ 'സ്ലേവ്‌സ് ആന്‍ഡ് കിംഗ്‌സ്' തീയറ്ററുകളിലേക്ക്

വാഷിംഗ്ടണ്‍: സ്‌പെയ്‌നിലെ വിശുദ്ധനായ ആന്റണി മേരി ക്ലാരറ്റിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച സ്പാനിഷ് ചിത്രം 'സ്ലേവ്‌സ് ആന്‍ഡ് കിംഗ്‌സ്' തീയറ്ററുകളിലേക്ക്. പാബ്ലോ മൊറേനോ സംവിധാനം ചെയ്ത സിനിമ ഓഗസ്റ്റ് 22 (ഇംഗ്ലീഷ് ഭാഷയില്‍), 23 (സ്പാനിഷ്) തീയതികളില്‍ അമേരിക്കയിലുടനീളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇതാദ്യമായാണ് അമേരിക്കന്‍ വിനോദ വ്യവസായ മേഖലയിലെ ഫാത്തം ഇവന്റ്സ് എന്ന കമ്പനി ഒരു മുഴുനീള കാത്തലിക് ഫീച്ചര്‍ ഫിലിം റിലീസ് ചെയ്യുന്നത്.

സ്പാനിഷ് റോമന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പും എഴുത്തുകാരനും പ്രസാധകനും മിഷനറിയുമായ ആന്റണി മേരി ക്ലാരറ്റ് സന്യാസ സഭയായ മിഷനറി സണ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ടിന്റെ സ്ഥാപകനുമാണ്. സ്പെയിനിലെ ഇസബെല്ല രാജ്ഞിയുടെ കുമ്പസാരക്കാരനുമായിരുന്നു. പാവങ്ങളോടും അടിച്ചമര്‍ത്തപ്പെട്ടുവരോടും പ്രത്യേക പരിഗണന കാണിച്ചിരുന്ന സെന്റ് ആന്റണി മേരി ക്ലാരറ്റിന്റെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്.



1800കളുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. 1807 ഡിസംബറില്‍ സ്പെയിനിലായിരുന്നു ആന്റണി മരിയ ക്ലാരറ്റിന്റെ ജനനം. ഒരു നെയ്ത്തുകാരന്റെ മകനായി ജനിച്ച ആന്റണി മരിയ പിതാവിനെ നെയ്ത്തുപണികളില്‍ സഹായിച്ചുവരവെയാണ് പുരോഹിതനാകാന്‍ തീരുമാനിക്കുന്നത്. ചെറിയ പ്രായം മുതല്‍ തന്നെ പരിശുദ്ധ മാതാവിനോടുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ഭക്തി ശ്രദ്ധേയമായിരുന്നു.

1835-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ആദ്യം സ്വന്തം നാട്ടില്‍ത്തന്നെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വി. കുര്‍ബാനയോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തി പ്രചരിപ്പിച്ച് അദ്ദേഹം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

1849-ല്‍ സമാനചിന്താഗതിക്കാരായ ഏതാനും വൈദികരെ ഒരുമിച്ചുകൂട്ടി 'മറിയത്തിന്റെ വിമലഹൃദയത്തിന്റെ മിഷണറിമാര്‍' എന്നൊരു പുതിയ സന്യാസ സഭയ്ക്കു രൂപം നല്‍കി.

ക്ലരേഷ്യന്‍സ് എന്നാണ് ഈ സഭയിലെ സന്യാസികള്‍ വിളിക്കപ്പെടുന്നത്. 1851-ല്‍ ക്യൂബയിലെ സാന്തിയാഗോ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി ആന്റണി മരിയ നിയമിതനായി. ക്യൂബയിലെ സഭയെ യഥാര്‍ഥ വഴിയിലേക്കു കൊണ്ടു വന്നത് ആര്‍ച്ച് ബിഷപ്പായിരുന്നു. വെള്ളക്കാരും നീഗ്രോകളും തമ്മിലുള്ള പ്രശ്നങ്ങളും വിഭാഗീയതയും ആത്മീയമായ ചേരിതിരിവും അവിടെയുണ്ടായിരുന്നു. പ്രശ്നങ്ങളെല്ലാം സമര്‍ത്ഥമായി പരിഹരിച്ച് അദ്ദേഹം ക്യൂബന്‍ സഭയെ ഉയര്‍ത്തെഴുന്നേല്‍പിച്ചു.

1868-ലെ വിപ്ലവത്തിനുശേഷം സ്പെയ്‌നിലെ ഇസബെല്ല രാജ്ഞി നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹവും അവര്‍ക്കൊപ്പം പോയി. തന്റെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ ക്ഷുഭിതരായ ശത്രുക്കളുടെ ആക്രമണങ്ങള്‍ സ്പെയിനിലും ക്യൂബയിലും അദ്ദേഹത്തിനു പല പ്രാവശ്യം അഭിമുഖീകരിക്കേണ്ടിവന്നു.

ഒന്നാം വത്തിക്കാന്‍ സുന്നഹദോസില്‍ പങ്കെടുത്ത ശേഷം ഫ്രാന്‍സില്‍ സ്ഥിര താമസമാക്കി. പിന്നീട് മരണം വരെയും അവിടെ കഴിഞ്ഞു. ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആന്റണി, ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി അദ്ഭുത പ്രവൃത്തികള്‍ ചെയ്ത വിശുദ്ധനാണ്. 1950 ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ ആന്റണിയെ വിശുദ്ധനായി പ്രഖ്യാപിച്ചു.


സ്പാനിഷ് നിര്‍മ്മാണ കമ്പനിയായ ബോസ്‌കോ ഫിലിംസ് നിര്‍മിച്ച 'സ്ലേവ്‌സ് & കിംഗ്‌സ്' വിശുദ്ധന്റെ ജീവിതത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായി സംവിധായകന്‍ പാബ്ലോ മൊറേനോ പറയുന്നു. ക്രിസ്തീയ വിജയത്തെ നാം എങ്ങനെ കാണണം എന്നതിന്റെ പ്രതിഫലനമാണ് ഈ ചിത്രം.

'സ്ലേവ്‌സ് & കിംഗ്‌സ്' കത്തോലിക്കാ ചലച്ചിത്ര വ്യവസായത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനം സാധ്യമാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍,
ദിവ്യകാരുണ്യത്തിന്റെ മഹത്വവും ശക്തിയും മനുഷ്യ ജീവിതങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ അനുഭവകഥ പറയുന്ന ഡോക്യുമെന്ററി ഫിലിം അമേരിക്കയിലെ ഏകദേശം 750 തീയറ്ററുകളില്‍ റീലിസ് ചെയ്തിരുന്നു. അന്ന് യുഎസില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഏഴാമത്തെ ചിത്രമായിരുന്നു അത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.