ഇനി മഴയും വെയിലും വിദ്യാർത്ഥികൾ പ്രവചിക്കും: കണ്ണൂരിൽ 22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ

ഇനി മഴയും വെയിലും വിദ്യാർത്ഥികൾ പ്രവചിക്കും: കണ്ണൂരിൽ 22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ

കണ്ണൂർ: ജില്ലയിൽ ഇനി സ്‌കൂൾ കുട്ടികൾക്ക് കാലാവസ്ഥ നിരീക്ഷിക്കാം. ഗവേഷണ പഠനത്തിന്റെ വലിയ സാധ്യത തുറന്ന് ജില്ലയിലെ തെരഞ്ഞെടുത്ത 22 സ്‌കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തിങ്കളാഴ്ച നിർവഹിച്ചു.

ജ്യോഗ്രഫി പഠനവിഷയമുള്ള ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് സമഗ്രശിക്ഷാ കേരളം വെതർ സ്റ്റേഷൻ ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും ഇതുവഴി അവസരമുണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിലൂടെ പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം കാലാവസ്ഥ നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികൾക്ക് ലഭ്യമാകും. 

അതത് സ്‌കൂളുകളാണ് വെതർ സ്റ്റേഷന് വേണ്ട ഉപകരണങ്ങൾ വാങ്ങി സജ്ജീകരിക്കേണ്ടത്. സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിലാകും ഇവ പ്രവർത്തിക്കുക. 73,000 രൂപയാണ് ഓരോ സ്‌കൂളുകൾക്കും അനുവദിച്ചിട്ടുള്ളത്. കാറ്റും മഴയും വെളിച്ചവും ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിലാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നിർമ്മിക്കേണ്ടത്. സ്ഥലപരിമിതിയുള്ള സ്‌കൂളുകളിൽ മട്ടുപ്പാവിലും സ്ഥാപിക്കാം. മട്ടുപ്പാവിൽ സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ കുട്ടികളുടെ സുരക്ഷ മാനിച്ച് സിസിടിവി ഘടിപ്പിച്ച് അത് വഴി റീഡിംഗ് എടുക്കും. 

മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന മഴമാപിനി, കാറ്റിന്റെ തീവ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ, അനിമോമീറ്റർ, കാറ്റിന്റെ ദിശ മനസ്സിലാക്കാൻ വിൻഡ് വെയിൻ, അന്തരീക്ഷത്തിലെ ആർദ്രത അളക്കാൻ വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, രണ്ടു സമയങ്ങൾക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നതിന് സിക്‌സിന്റെ മാക്‌സിമം മിനിമം തെർമോമീറ്റർ, നിരീക്ഷണ കേന്ദ്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവൻ സൺസ്‌ക്രീൻ ഉൾപ്പടെ ഇന്ത്യൻ മെട്രോളോജിക്കൽ വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഓരോ കാലാവസ്ഥാ കേന്ദ്രങ്ങളിലും സജീകരിക്കുന്നത്.

സ്‌കൂളുകളിൽ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.