ബിഹാര്‍ മഹാസഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി; ജെഡിയുവില്‍ രാജി ഭീഷണി

 ബിഹാര്‍ മഹാസഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി; ജെഡിയുവില്‍ രാജി ഭീഷണി

പാറ്റ്‌ന: ബിഹാര്‍ മഹാസഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി. ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിങിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോണ്‍ഗ്രസും രംഗത്ത് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാണ് മാറ്റണമെന്ന് ആവശ്യപ്പെടാന്‍ കാരണം.

അതേസമയം ജെഡിയുവില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. മന്ത്രി സ്ഥാനം നല്‍കാത്തതില്‍ രാജി ഭീഷണി മുഴക്കി ജെഡിയു എംഎല്‍എ ബിമ ഭാരതി രംഗത്ത് വന്നു. കഴിഞ്ഞ ദിവസമാണ് മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിമാരെ നിശ്ചയിച്ചത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ് ഉള്ളത്. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളും നല്‍കി.

ജെഡിയു നേതാവായ വിജയ് കുമാര്‍ ചൗധരി ധനമന്ത്രിയാണ്. 31 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയത്. ആര്‍ജെഡിയില്‍ നിന്ന് 16 ഉം ജനതാദളില്‍ (ജെഡിയു) നിന്ന് 11 ഉം പേര്‍ മന്ത്രിമാരായി. കോണ്‍ഗ്രസിന് രണ്ടും എച്ച് എ എമ്മിനും ഒരു മന്ത്രി സ്ഥാനവുമാണ് ലഭിച്ചത്. കൂടാതെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.

സ്വതന്ത്ര എംഎല്‍എ ആയ സുമിത് കുമാറിനേയും മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നില്‍ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.

സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് ഇടത് പാര്‍ട്ടികള്‍. 12 എംഎല്‍എ മാരുള്ള സിപിഐ എംഎല്‍, രണ്ട് വീതം എംഎല്‍എമാരുള്ള സിപിഐ, സിപിഎം പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായി മന്ത്രിസഭയില്‍ ചേരാതെ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാനാണ് തീരുമാനം. സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി നിലപാടെടുപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ അംഗബലം ഇല്ലെന്നതാണ് സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കാനുള്ള കാരണമായി ഇടത് പാര്‍ട്ടികള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.