അമേരിക്കയില്‍ ഗാന്ധി പ്രതിമ അടിച്ചുതകര്‍ത്ത് വിദ്വേഷ മുദ്രാവാക്യങ്ങള്‍ എഴുതി; രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

അമേരിക്കയില്‍ ഗാന്ധി പ്രതിമ അടിച്ചുതകര്‍ത്ത് വിദ്വേഷ മുദ്രാവാക്യങ്ങള്‍ എഴുതി; രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ ഒരു ക്ഷേത്രത്തിനു മുന്നിലുള്ള ഗാന്ധിപ്രതിമ തകര്‍ത്ത് വിദ്വേഷ വാക്യങ്ങള്‍ എഴുതി. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഗാന്ധി പ്രതിമ തകര്‍ത്ത സംഭവമുണ്ടായത്. ശ്രീ തുളസി ക്ഷേത്രത്തിന് സമീപത്തെ പ്രതിമ ആറ് പേര്‍ ചേര്‍ന്നാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്തത്. പൂര്‍ണമായും തകര്‍ന്ന്, മറിഞ്ഞുവീണു കിടന്ന പ്രതിമയില്‍ സ്‌പ്രേ പെയിന്റ് കൊണ്ട് വിദ്വേഷ വാക്യങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25 മുതല്‍ 30 വയസ് വരെ പ്രായമുള്ളവരാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നാണ് സൂചന. ആറു പേര്‍ ചേര്‍ന്ന് പ്രതിമയില്‍ ചവിട്ടുന്നതും കാണാം. പിന്നീട് ഇവര്‍ വാഹനങ്ങളില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല യു.എസില്‍ ഗാന്ധി പ്രതിമ തകര്‍ക്കുന്നത്. രണ്ടാഴ്ച മുമ്പ് ഓഗസ്റ്റ് മൂന്നിന് ഇതേ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏഴു വര്‍ഷം മുന്‍പാണ് ഗാന്ധിജിയുടെ കോണ്‍ക്രീറ്റ് പ്രതിമ സ്ഥാപിച്ചത്.

വിദ്വേഷ കുറ്റകൃത്യമായാണ് ഈ കേസിനെ പരിഗണിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മാന്‍ഹട്ടനിലെ യൂണിയന്‍ സ്‌ക്വയറില്‍ സ്ഥാപിച്ച, ഗാന്ധിജിയുടെ എട്ട് അടി ഉയരമുള്ള വെങ്കല പ്രതിമ അജ്ഞാതര്‍ വികൃതമാക്കിയിരുന്നു.

2020-ല്‍ ഡിസംബറില്‍ വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ തകര്‍ത്തിരുന്നു. അന്ന് ഖാലിസ്ഥാന്‍വാദികളായിരുന്നു പ്രതിമ തകര്‍ത്തതിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.