താമരശ്ശേരി: തീരദേശ ജനതയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് തുടരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയവും അപകടകരവുമായ നിർമാണത്തിലും, അന്ത്യമില്ലാതെ മലയോര ജനതയെ ഭീതിയുടെ നിഴലിലാഴ്ത്തിയിരിക്കുന്ന ബഫർസോൺ വിഷയത്തിലും സർക്കാർ തുടരുന്ന നയം പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ 2022 പ്രവർത്തന വർഷത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം വിലയിരുത്തി. തിരുവനന്തപുരം ജില്ലയിലങ്ങോളമിങ്ങോളം ക്രൈസ്തവ സംഘടനകൾ തുടരുന്ന സമര പരമ്പരകൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നതായും സെനറ്റ് വേദിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലൂടെ സമ്മേളനം വിലയിരുത്തി. കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രതിബാധിക്കുന്നതിനുമായി ചേർന്ന സെനറ്റ് താമരശ്ശേരി രൂപത കെ.സി.വൈ.എം. ആദ്യകാല ഡയറക്ടർ ഫാ.മാത്യു പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായ യോഗത്തിൽ ഡയറക്ടർ ഫാ. ജോർജ്ജ് വെള്ളയ്ക്കാകുടിയിൽ, കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ലിനറ്റ് വർഗ്ഗീസ്, മാനന്തവാടി രൂപതയുടെ സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, എസ്.എം.വൈ.എം. സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, രൂപതാ ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ, അനിമേറ്റർ സി.ഷാർലറ്റ് റോസ് സി.എം.സി., ചെറുപുഷ്‌പം മിഷൻ ലീഗ് (ജൂനിയർ വിഭാഗം) രൂപതാ പ്രസിഡന്റ് ജേക്കബ് ജോസ്, രൂപത വൈസ് പ്രസിഡന്റ് ഡോണസ് മുണ്ടക്കൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് രൂപതയിലെ 11 മേഖലകളും നാളിതു വരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പരസ്പ്പരം വിലയിരുത്തുകയും തിരുത്തുകയും ചെയ്തു. സംഘടനയുടെ വളർച്ചയ്ക്കുതകുംവിധമുള്ള ആരോഗ്യപ്രദമായ ആശയങ്ങൾ അർദ്ധ വാർഷിക സെനറ്റിൽ നിന്നും ഉരുത്തിരിഞ്ഞതായി രൂപതാ നേതൃത്വം വിലയിരുത്തുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ.സി.വൈ.എം. സംസ്ഥാന നേതൃത്വവും വിവിധ രൂപതാ നേതൃത്വങ്ങളും നടത്തി വരുന്ന സമരങ്ങളെ പിന്തുണയ്ക്കാനും, ബഫർസോൺ വിഷയത്തിലെ സർക്കാർ വഞ്ചനയ്ക്കെതിരെ രൂപതയോട് ചേർന്നു നിന്നുകൊണ്ട് സമര പരിപാടികൾക്ക് നേതൃത്വം നൽകാനും സമ്മേളനത്തിൽ പങ്കെടുത്ത യുവജന നേതാക്കന്മാർ ഒത്തൊരുമിച്ച് തീരുമാനമെടുക്കുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.