മാനന്തവാടി: മലയോര ജനതയുടെ ജീവിതത്തിന്മേൽ കരിനിഴൽ വീഴ്ത്തുന്ന ബഫർസോൺ പ്രഖ്യാപനത്തിൽ നിന്ന് ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിർണയിക്കണമെന്ന ആവശ്യം ഉയരുമ്പോഴും ജനവാസ മേഖല ഏത് എന്നതിൽ പോലും വ്യക്തതയില്ലാത്ത സർക്കാർ നടപടികൾ അപലപനീയമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. ജനവാസ മേഖലകൾ കൃത്യമായി കണ്ടെത്തി, അവയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുവാൻ സർക്കാരാൽ നിയുക്തരായിരിക്കുന്നവരാണ് വനം വകുപ്പ്. എന്നാൽ, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനനിയമങ്ങളിൽ ജനവാസ മേഖലകളെ പ്രത്യേകമായി നിർവചിച്ചിട്ടില്ലെന്ന മറുപടി ആശങ്കജനകമാണ്. വനം വകുപ്പ് നിയമ പ്രകാരം ജനവാസ മേഖല എന്ന പദത്തിനു തുല്യമായി നിലകൊള്ളുന്നതാണ് കൈവശഭൂമിയും റവന്യൂ ഭൂമിയും.
സ്വകാര്യ വ്യക്തികളുടെ കൈവശഭൂമി, റവന്യൂ ഭൂമി എന്നിവ മാറ്റിനിർത്തിക്കൊണ്ട് ബഫർസോൺ പുനർനിർവചിക്കാൻ വനം വകുപ്പും സർക്കാരും തയ്യാറാകണമെന്ന് രൂപത പ്രസിഡന്റ് റ്റിബിൻ പാറയ്ക്കൽ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകിയതും കത്തിടപാടുകൾ നടത്തിയതും ജനവാസ മേഖല നിർവചിക്കാതെയാണെന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് രൂപത സമിതി വിലയിരുത്തി. കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടയ്ക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപ്പറമ്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സി. സാലി സിഎംസി എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26