വിമത നേതാക്കള്‍ ഇടഞ്ഞു തന്നെ; ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് പദവി രാജിവച്ചു

വിമത നേതാക്കള്‍ ഇടഞ്ഞു തന്നെ; ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയും കോണ്‍ഗ്രസ് പദവി രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂല പരിഷ്‌കരണം ആവശ്യപ്പെടുന്ന ജി 23 നേതാക്കളില്‍ പ്രധാനിയായ ഗുലാം നബി ആസാദിനു പിന്നാലെ മറ്റൊരു പ്രധാന നേതാവായ ആനന്ദ് ശര്‍മയും പാര്‍ട്ടി പദവി രാജി വച്ചു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നാണ് ശര്‍മ രാജി വച്ചത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം കത്തയച്ചു.

മറ്റൊരു മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സ്വീകരിച്ച് തൊട്ടു പിന്നാലെ രാജി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത് തരം താഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്നാണ് ആസാദുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 26 നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്. രാജിവെക്കുന്നതായി അറിയിച്ച് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തന്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചില നിര്‍ണായക യോഗങ്ങളെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ശര്‍മ പറഞ്ഞു.

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍, പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍, തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മറ്റു കമ്മിറ്റികളിലെ നേതാക്കള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം ജൂണ്‍ 20 ന് നടന്നിരുന്നു. എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷനായ തന്നെ ഇതേക്കുറിച്ച് അറിയിച്ചില്ലെന്ന് ആനന്ദ് ശര്‍മ പറയുന്നു.

ഓഗസ്റ്റ് 7,8 ദിവസങ്ങളില്‍ എ.ഐ.സി.സി നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷിംല സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും ഇതിനു പിന്നാലെ നടന്നു. എന്നാല്‍ ഈ യോഗങ്ങളെ കുറിച്ചും തന്നെ അറിയിക്കുകയോ പങ്കെടുക്കാന്‍ ക്ഷണിക്കുകയോ ചെയ്തില്ലെന്നും ശര്‍മ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.