ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തിമൂന്നാം ഭാഗം.
ശാസ്ത്രീയ വളര്‍ച്ചയുടെ ഒരു പ്രധാന ഭാഗമാണ് ഏറ്റവും ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിക്കുക എന്നത്. ഏതൊരു മേഖലയില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിച്ചാലും ആ പഠനം ഉന്നത നിലവാരം പുലര്‍ത്തണമെങ്കില്‍ ലോക നിലവാരത്തിലുള്ള ഉപകരണങ്ങളും അറിവുകളും പ്രയോജനപ്പെടുത്തുകയും ഉപയോഗിക്കുകയും വേണം.
ശാസ്ത്രത്തിന്റെ ഒരു ശാഖയും അതില്‍ത്തന്നെ പൂര്‍ണമോ മറ്റൊന്നുമായും ബന്ധമില്ലാത്തതോ അല്ല. ഓരോ ശാസ്ത്ര ശാഖയുടെയും വളര്‍ച്ച പൂര്‍ണമാകുന്നത് അവയ്ക്ക് പരസ്പരമുള്ള ബന്ധം പ്രസ്പഷ്ടമാകുമ്പോഴാണ്. ഇത്തരത്തില്‍ താന്‍ ജീവിച്ചിരുന്ന കാലത്തെ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ജീവ ശാസ്ത്രത്തെ വളര്‍ത്തിയ ഒരു ശാസ്ത്രജ്ഞനെയാണ് ഈ ലക്കത്തില്‍ നാം പരിചയപ്പെടുന്നത്.
ഫ്രാഞ്ചെസ്‌കൊ കാസ്ത്രകാനേ ദെലി അന്തേല്‍മിനെല്ലി എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ജനിക്കുന്നത് ഇറ്റലിയുടെ കിഴക്കന്‍ തീരത്ത് അഡ്രിയാറ്റിക് കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഫാനോ എന്ന തുറമുഖ നഗരത്തിലാണ്. 1817 ജൂലൈ 19 നാണ് ജനനം. ഇറ്റലിയുടെ മധ്യഭാഗത്തുള്ള റെജിയോ എമിലിയ എന്ന സ്ഥലത്ത് ജെസ്യുട്ട് വൈദികര്‍ നടത്തുന്ന സ്‌കൂളിലാണ് വിദ്യാഭ്യാസം നേടിയത്. ഈ പരിശീലനം അദ്ദേഹത്തില്‍ ഭാവി പര്യവേക്ഷണങ്ങള്‍ക്കുള്ള താല്‍പര്യം ജനിപ്പിച്ചു.
വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1840 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. നാലു വര്‍ഷത്തെ വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ക്ക് ശേഷം 1844 ല്‍ ഫാനോയിലെ കത്തീഡ്രല്‍ പള്ളിയില്‍ നിയമിതനായി. അതെ സമയത്തു തന്നെ റോമിലെ Collegio dei Nobili എന്ന കോളജില്‍ അദ്ദേഹം തുടര്‍ പഠനം ആരംഭിച്ചു. കുലീനരുടെ കോളജ് എന്നര്‍ത്ഥം വരുന്ന ഈ നാമം അന്തേല്‍മിനെല്ലിയുടെ സാമൂഹിക സ്ഥിതിയെക്കുറിച്ച് ഒരു സാമാന്യബോധം നമുക്ക് നല്‍കുന്നുണ്ട്.
1852 ല്‍ കത്തീഡ്രല്‍ ദൈവാലയത്തിന്റെ ചുമതലകളില്‍ നിന്നു ഒഴിയുകയും റോമില്‍ തന്നെ താമസമാക്കുകയും ചെയ്തു അദ്ദേഹത്തിന് പ്രകൃതിയോട് അടങ്ങാത്ത സ്‌നേഹമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അന്വേഷണങ്ങളെല്ലാം പ്രധാനമായും ജീവശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലായിരുന്നു. ജീവശാസ്ത്ര പഠന മേഖലയിലേക്ക് Microphotography കൊണ്ടുവന്ന ആദ്യ വ്യക്തികളില്‍ ഒരാളാണ് അന്തേല്‍മിനെല്ലി.
ഫോട്ടോഗ്രഫി ആരംഭിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണെങ്കിലും ഏതാണ്ട് അതേ സമയത്തു തന്നെ ജീവശാസ്ത്ര പഠന മേഖലയിലേക്ക് ഈ സാങ്കേതിക പുരോഗതിയെ ഉപയോഗിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. Microphotography ആരംഭിക്കുന്ന 1839 നിന്നും ഒരു ദശകം പിന്നിടുമ്പോഴേക്കും അത് അതിസൂക്ഷ്മ ജീവികളുടെയും മറ്റും പഠനത്തിനായി ഉപയോഗിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ വൈഭവം വ്യക്തമാക്കുന്നു.
ഫോട്ടോഗ്രാഫിക്കുപയോഗിക്കുന്ന ക്യാമറയും സൂക്ഷമ ദര്‍ശനത്തിനു സഹായിക്കുന്ന മൈക്രോസ്‌കോപ്പും ഒരുമിപ്പിച്ചുള്ള പഠനങ്ങള്‍ അദ്ദേഹം ആദ്യം നടത്തുന്നത് മൈക്രോ തലത്തിലുള്ള ആല്‍ഗെ പോലെയുള്ള സൂക്ഷ്മ ജീവികളിലാണ്. സൂക്ഷ്മ ജീവികളുടെ ഘടനയും ശാരീരിക പ്രത്യേകതകളുമെല്ലാം ഗവേഷണത്തിന് വിഷയമായി. അവസാന നാളുകളില്‍ ഈ സൂക്ഷ്മജീവികളുടെ പ്രജനനം പോലുള്ള വിഷയങ്ങള്‍ അദ്ദേഹം പഠന വിഷയമാക്കി.
ബ്രിട്ടീഷ് റോയല്‍ നേവിയില്‍ നിന്നും ലഭിച്ച കപ്പലില്‍ 1872 മുതല്‍ 1876 വരെ William Benjamin Carpenter, Charles Wyville Thomson എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചലഞ്ചര്‍ പര്യവേക്ഷണത്തിന്റെ നിരീക്ഷണങ്ങള്‍ ഫ്രാഞ്ചെസ്‌കൊ കാസ്ത്രകാനേ ദെലി അന്തേല്‍മിനെല്ലിയുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അവയെ ക്രോഡീകരിക്കാനും അവയില്‍ നിന്നും നിഗമനങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ചലഞ്ചര്‍ പര്യവേക്ഷണം കടലില്‍ നിന്നും കണ്ടെത്തിയ ഡാറ്റയില്‍ നിന്നും മൂന്നു പുതിയ genera യും 225 പുതിയ സ്പീഷീസുകളും മുപ്പതോളം പുതിയ വൈവിധ്യങ്ങളും അദ്ദേഹം കണ്ടെത്തി. അന്തേല്‍മിനെല്ലി കണ്ടെത്തിയതായി അവസാനം സൂചിപ്പിച്ചിരിക്കുന്ന വൈവിധ്യങ്ങള്‍ സ്പീഷിസിനും താഴെ വരുന്ന വിഭാഗമാണ്. ജീവശാസ്ത്രത്തില്‍ Life, domain, kingdom, phylum, class, order, family, genus, species എന്നിങ്ങനെ എട്ട് തലങ്ങളായാണ് ജീവനുള്ളവയെ തരം തിരിക്കുന്നത്.
തന്റെ നിരീക്ഷണങ്ങളെല്ലാം അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാസ്ത്രീയ സ്ഥാപനങ്ങളില്‍ ഒന്നായ Accademia dei Nuovi Lincei യുടെ പ്രസിദ്ധീകരണങ്ങളിലാണ് ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ആ സമിതിയുടെ പ്രസിഡന്റായും അദ്ദേഹം ഏറെ വര്‍ഷങ്ങള്‍ സേവനം ചെയ്തിട്ടുണ്ട്.
ജീവിതാവസാനം വരെയും ശാസ്ത്രത്തോടും വിശ്വാസത്തോടുമുള്ള തന്റെ പ്രതിബദ്ധത അന്തേല്‍മിനെല്ലി അഭംഗുരം തുടര്‍ന്നു. ഒരു ഇടവകയുടെ ചുമതകള്‍ ഒഴിഞ്ഞ് പഠനത്തിനായി സ്വയം സമര്‍പ്പിച്ച് റോമില്‍ താമസിക്കുന്ന കാലത്തും അദ്ദേഹം ബലിയര്‍പ്പണമോ പ്രാര്‍ത്ഥനാ ജീവിതമോ മുടക്കിയില്ല. 1899 മാര്‍ച്ച് 27 നു റോമില്‍ വെച്ചാണ് അദ്ദേഹം നശ്വരമായ ജീവനെക്കുറിച്ചുള്ള തന്റെ പഠനങ്ങള്‍ക്ക് വിരാമമിട്ട് അനശ്വരമായ ജീവന്റെ നാട്ടിലേക്ക് യാത്രയായത്.
മുന്‍ എപ്പിസോഡൂകള്‍ വായിക്കാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://cnewslive.com/author/32967/1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.