ഗവര്‍ണര്‍ പിന്നോട്ടില്ല: കേരള വി.സി നിയമനം; പ്രഗല്‍ഭരുടെ പട്ടിക തയ്യാറാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ പിന്നോട്ടില്ല: കേരള വി.സി നിയമനം; പ്രഗല്‍ഭരുടെ പട്ടിക തയ്യാറാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഉറച്ച് ഗവര്‍ണര്‍. പ്രാഗല്ഭ്യം തെളിയിച്ച അക്കാഡമിക് വിദഗ്ധരുടെ പട്ടിക തയ്യാറാക്കാനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കേരള സര്‍വകലാശാലയിലെ സെനറ്റ് തനിക്കെതിരേ പ്രമേയം പാസാക്കിയത് കണക്കിലെടുക്കാതെയാണ് ഗവര്‍ണറുടെ നീക്കം.

അതേസമയം ഗവര്‍ണര്‍ക്കെതിരേയുള്ള പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍വകലാശാല. ഇപ്പോഴത്തെ ഉത്തരവ് റദ്ദാക്കിയാല്‍ മാത്രമേ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തു നല്‍കൂവെന്ന് ശനിയാഴ്ചത്തെ സെനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ ചാന്‍സലറുമായി ഏറ്റുമുട്ടലിനല്ല, സര്‍വകലാശാലയുടെ അവകാശവും അധികാരവും സ്ഥാപിച്ചെടുക്കാനാണ് സെനറ്റ് പ്രമേയമെന്നാണ് വാദം. ഇരുപക്ഷവും നിലപാടില്‍ ഉറച്ചു നിന്നാല്‍ തര്‍ക്കം നിയമ പോരാട്ടത്തിലേക്കു നീങ്ങും. അതോടെ കേരള സര്‍വകലാശാലയിലെ വി.സി നിയമനവും നീളും.

ഐ.ഐ.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നതുമായ അക്കാഡമിക പണ്ഡിതരുടെയും പട്ടികയാണ് രാജ്ഭവന്‍ തയ്യാറാക്കുക. ഇതിനായി അന്വേഷണം തുടങ്ങി. അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യതയുള്ള അക്കാഡമിക പ്രഗല്ഭരുടെ പേരുകള്‍ രാഷ്ട്രീയത്തിനതീതമായി തയ്യാറാക്കുകയാണ് ഗവര്‍ണറുടെ തന്ത്രം. അങ്ങനെയെങ്കില്‍ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയായാല്‍ ഈ പട്ടികയിലുള്ള പേരുകള്‍ ഗവര്‍ണറെ എതിര്‍ക്കുന്നവര്‍ക്കും തള്ളിക്കളയാനാവില്ല. ഇത്തരത്തിലൊരു ഇടപെടലിനാണ് ഗവര്‍ണറുടെ ശ്രമം.

മൂന്നംഗങ്ങളെ ഒന്നിച്ച് ഉള്‍പ്പെടുത്തി ഉത്തരവിറക്കിയാലേ സെര്‍ച്ച് കമ്മിറ്റിക്കു നിയമസാധുതയുള്ളൂവെന്നാണ് സര്‍വകലാശാലയുടെ വാദം. ഇപ്പോഴത്തെ വി.സി ഡോ. വി.പി മഹാദേവന്‍ പിള്ളയെ നിയമിക്കാന്‍ 2018ല്‍ അന്നത്തെ ഗവര്‍ണര്‍ രണ്ടു തവണ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം ചെയ്യേണ്ടി വന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് യു.ജി.സി പ്രതിനിധി പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി രണ്ടാമതും വിജ്ഞാപനം ചെയ്യേണ്ടി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.