കരയിലൂടെയും കടലിലൂടെയും തുറമുഖം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍: ബാരിക്കേഡുകള്‍ തകര്‍ത്തു; വിഴിഞ്ഞം സംഘര്‍ഷഭരിതം

കരയിലൂടെയും കടലിലൂടെയും തുറമുഖം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍: ബാരിക്കേഡുകള്‍ തകര്‍ത്തു; വിഴിഞ്ഞം സംഘര്‍ഷഭരിതം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം കൂടുതല്‍ തീവ്രമായി. കടലിലൂടെയും കരയിലൂടെയും തുറമുഖം വളഞ്ഞ സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തു. സ്ഥലത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഏഴാം ദിനമായ ഇന്ന് പൂന്തുറ ഇടവകയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ചെറിയതുറ, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കടലിലൂടെയുള്ള തുറമുഖ ഉപരോധം. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കും വരെ സമരം ശക്തമാക്കി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സമരക്കാര്‍. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പോലും അവഗണിച്ച് ആയിരങ്ങളാണ് സമരത്തിനെത്തിയത്.

നൂറുകണക്കിന് വള്ളങ്ങളിലെത്തിയാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. തീരത്ത് നടക്കുന്ന സമരത്തില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഗേറ്റിന്റെ പൂട്ട് പൊളിക്കുകയും ചെയ്തു.

സമരത്തിന്റെ ഭാഗമായി നടന്ന വാഹന റാലിക്കിടെ ടോള്‍ ഗേറ്റിന്റെ കമ്പിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ അടക്കം സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വിഴിഞ്ഞത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തുക, മണ്ണെണ്ണ സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി നടപ്പിലാക്കണം എന്നതാണ് മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ മുഖ്യലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.