ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ വെളിപ്പെടുത്തി.
മദ്യനയത്തില്‍ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും എല്ലാം ഒഴിവാക്കാമെന്നാണ് വാഗ്ദാനം. എന്നാല്‍ തല പോയാലും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസുകള്‍ വ്യാജമാണ്. കഴിയുന്നതെല്ലാം ചെയ്‌തോളൂ. പക്ഷേ കേസുകളെടുത്ത് വിരട്ടാന്‍ നോക്കരുത്. അത് പ്രായോഗികമല്ല.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകുമെന്നും ഡല്‍ഹി മോഡല്‍ ഗുജറാത്തിലും നടപ്പാക്കുമെന്നും സിസോദിയ അറിയിച്ചു.
അതേ സമയം മദ്യനയത്തിന് പിന്നാലെ ഡല്‍ഹി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സിബിഐ പരിശോധിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലാണ് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയതിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ സിബിഐ നടപടി. അതേസമയം മദ്യനയ കേസില്‍ അന്വേഷണം തുടരുന്ന സിബിഐ കേസിലെ കൂടുതല്‍ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.