പ്രക്ഷോഭം തണുപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍; നിര്‍ദേശങ്ങള്‍ പഴയത്, തുറമുഖ നിര്‍മ്മാണം നിര്‍ത്തും വരെ സമരമെന്ന് മത്സ്യത്തൊഴിലാളികള്‍

 പ്രക്ഷോഭം തണുപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍; നിര്‍ദേശങ്ങള്‍ പഴയത്, തുറമുഖ നിര്‍മ്മാണം നിര്‍ത്തും വരെ സമരമെന്ന് മത്സ്യത്തൊഴിലാളികള്‍

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പുതുമയൊന്നും ഇല്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തി വയ്ക്കാതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാകവേ പുനരധിവാസ നിര്‍ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള ചില നിര്‍ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി മുന്നോട്ട് വച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടു നല്‍കും. മന്ത്രിസഭാ ഉപസമിതി നാളെ സമരക്കാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാകും മുഖ്യമന്ത്രിയും സമര സമിതിയും തമ്മിലുള്ള ചര്‍ച്ച തീരുമാനിക്കുക.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. രണ്ടിടങ്ങളിലുമായി 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

ക്യാമ്പുകളില്‍ താമസിക്കുന്ന 335 കുടുംബങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന. അവരെ വാടക വീടുകളിലേക്ക് ഉടന്‍ മാറ്റും. ഈ വാടക സര്‍ക്കാര്‍ നല്‍കും. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉപസമിതി വീണ്ടും യോഗം ചേരും.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാകും ഭൂമി കൈമാറ്റത്തില്‍ അന്തിമ തീരുമാനം എടുക്കുക. മന്ത്രിമാരായ എം.വി.ഗോവിന്ദന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, വി.അബ്ദുറഹിമാന്‍, കെ.രാജന്‍, ചിഞ്ചുറാണി എന്നിവരും മേയര്‍ ആര്യാ രാജേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ സമരം കടുപ്പിച്ചതോടെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സമരവും നിലവിലെ സാഹചര്യങ്ങളും മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

അതേസമയം, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് മുതല്‍ കടലിലും കരയിലുമായി മത്സ്യത്തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പുതുമയൊന്നും ഇല്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തി വയ്ക്കാതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്നുമുള്ള നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.