ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചത് എന്തിന്? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ചത് എന്തിന്? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെക്കുറിച്ചുള്ള ഗവേഷക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കിയയച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി.

കാരണം വെളിപ്പെടുത്താതെ വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരികെയയച്ച നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവും ആണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരനായ ഫിലിപ്പോ ഒസെല്ല നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനോട് മറുപടി ആവശ്യപ്പെട്ടത്.

ബ്രിട്ടണിലെ സസക്സ് സര്‍വകലാശാല പ്രൊഫസറായ ഫിലിപ്പോ ഒസല്ല കേരള സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. അദ്ദേഹം എത്തിയ എയര്‍ എമറൈറ്സ് വിമാനത്തില്‍ത്തന്നെ മടക്കിയയക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ വിസയുള്ള തന്നെ മടക്കിയയച്ച നടപടി ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒസെല്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്ളവരെ മാത്രമേ ഇങ്ങനെ തിരിച്ചയക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഭീകരര്‍ക്കെതരേയാണ് ഇത്തരം നടപടിയുണ്ടാകുക. എന്നാല്‍ മടക്കിയയച്ചപ്പോള്‍ തന്നോട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാരണം വ്യക്തമാക്കിയില്ല.

തിരികെ ബ്രിട്ടണില്‍ എത്തിയ ശേഷവും കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളോട് കാരണം തിരക്കി കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഫിലിപ്പോ ഒസെല്ലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശ്യാം മോഹന്‍, കുര്യാക്കോസ് വര്‍ഗീസ് എന്നിവര്‍ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ഒരു മാസത്തിനകം ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. റിസര്‍ച്ച് വിസയിലാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.