കല്ലോടി / മാനന്തവാടി: തീരദേശ ജനതയോട് സർക്കാർ കാണിക്കുന്ന അനീതി കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. നാടിനെ നടുക്കിയ പ്രളയ ദുരന്തവും, അന്ന് രക്ഷകരായി എത്തിയവരെയും മറന്ന് കളിക്കരുതെന്ന് കെസിവൈഎം കല്ലോടി മേഖല സമിതി. ആരും ക്ഷണിക്കാതെ എത്തിയ രക്ഷാ സൈന്യമാണ്, കടലിന്റെ മക്കൾ എന്ന കാര്യം സർക്കാർ വിസ്മരിക്കരുതെന്നും അന്ന് അഭിനന്ദിച്ചവരെ ഇന്ന് നിന്ദിക്കരുതെന്നും, അവരുടെ പ്രതിഷേധങ്ങളെയും ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെയും, സമരത്തെയും സംസ്ഥാന പോലീസ് സംവിധാനത്തെ ഉപയോഗിച്ച് അമർച്ച ചെയ്യുവാൻ ശ്രമിക്കുന്നത് അപലനീയമാണെന്നും സമിതി വിലയിരുത്തി.
തീരദേശ ജനതയുടെ സമര പോരാട്ടങ്ങൾ ദിവസങ്ങൾ പിന്നിട്ടിട്ടും, അവരുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സർക്കാരിന്റെ കാടത്തം പ്രതിഷേധാർഹമാണെന്ന് കെസിവൈഎം കല്ലോടി മേഖല പ്രസിഡന്റ് ടിനു മങ്കൊമ്പിൽ അഭിപ്രായപ്പെട്ടു. തീരദേശ ജനതയുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും തീരശോഷണം തടയണമെന്നും യോഗം ആവശ്യപ്പെട്ടു.
തീരദേശവാസികളുടെ പുനരധിവാസം ഉറപ്പാക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ വിലകുറച്ചു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. തുറമുഖ നിർമ്മാണം കാരണം തീരം കടലെടുത്തു പോകുന്നു എന്നത് പ്രളയകാലത്ത് രക്ഷകരായ തീരദേശവാസികളുടെ പ്രധാന പ്രശ്നമാണ്. തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ നേരിടുന്ന അടച്ചുപൂട്ടൽ ഭീഷണി എന്നിവയും തീരദേശവാസികൾക്ക് മുന്നിൽ നിലനിൽക്കുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തുകയും, അത് രേഖാമൂലം എഴുതി തയ്യാറാക്കിയ നിയമമായി പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും, അങ്ങനെയല്ലാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലയെന്നും, സമരം കൂടുതൽ ശക്തമാക്കി, യുവജനകളെ കോർത്തിണക്കി വൻ പ്രക്ഷോഭങ്ങളിലേക്ക് മേഖല സമിതി നീങ്ങുമെന്നും, നിലനിൽപ്പിനായി പോരാടുന്ന സമര ഭടന്മാർക്ക്, സമ്പൂർണ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായും സമിതി വ്യക്തമാക്കി.
സെക്രട്ടറി അതുൽ ആവണിക്കൽ, ജോയിന്റ് സെക്രട്ടറി അൽഫോൻസാ വെള്ളപ്ലാക്കൽ, ട്രഷറർ അജിത്ത് പറയിടത്തിൽ, മേഖല ഡയറക്ടർ ഫാ. ആന്റോ ചിറയിൽപറമ്പിൽ, ആനിമേറ്റർ സി. നിർമ്മലാ ജോർജ് എസ്.എച്ച്, രൂപത സെക്രട്ടറി ലിബിൻ മേപ്പുറത്ത് എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.