വാഷിങ്ടണ്‍: കോവിഡ് മഹാമാരിയുടെ കാലത്ത് അമേരിക്കയില്‍ ആരോഗ്യ മേഖലയെ നയിച്ച പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു. ഏഴ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ കീഴില്‍ സേവനം ചെയ്‌തെന്ന അപൂര്‍വ്വ നേട്ടവുമായാണ് അദ്ദേഹം വിരമിക്കാനൊരുങ്ങുന്നത്. ഡിസംബറില്‍ തന്റെ പടിയിറക്കം ഉണ്ടാകുമെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിലവില്‍ അദ്ദേഹം വഹിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍, എന്‍ഐഎഐഡി ലബോറട്ടറി ഓഫ് ഇമ്മ്യൂണോറെഗുലേഷന്റെ മേധാവി എന്നീ പദവികളും ഡിസംബറില്‍ ഒഴിയും.
കോവിഡ് മഹാമാരിയുടെ തുടക്കക്കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി വൈറസ് വ്യാപനത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ജനങ്ങളില്‍ എത്തിച്ചത് ഇദ്ദേഹമാണ്. രോഗവ്യാപനം കുറയ്ക്കാന്‍ തീവ്ര യജ്ഞത്തിന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി. കോവിഡ് വ്യാപനം കുറയും വരെ തനിക്ക് വിശ്രമമില്ലെന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക്കില്‍ നിന്നുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളും മറികടന്നായിരുന്നു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയത്. 2021 ജനുവരിയില്‍ ഡെമോക്രാറ്റായ ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡോ. ഫൗചിയെ മുഖ്യ മെഡിക്കല്‍ ഉപദേശകനായി നിയമിച്ചു.
അര്‍പ്പണബോധമുള്ള പൊതുപ്രവര്‍ത്തകനാണ് ഡോ. ആന്റണി ഫൗചിയെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഉള്‍ക്കാഴ്ചയും മഹാമാരിയുടെ വലിയ ആഘാതത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയ ശേഷവും അദ്ദേഹം എന്തു ചെയ്താലും അത് ജനങ്ങള്‍ക്ക് ഗുണപ്രദമായതായിരിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നും ബൈഡന്‍ പറഞ്ഞു.
തന്റെ വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ വര്‍ഷങ്ങളോളം സര്‍ക്കാരിനെ സേവിക്കാന്‍ അവസരം ലഭിച്ചതിന് ഫൗചി നന്ദി പറഞ്ഞു. താന്‍ വിരമിക്കുകയല്ല. തന്റെ പ്രവര്‍ത്തന മേഖലയിലെ ഒരു ഘട്ടം മാത്രം അവസാനിക്കുന്നു എന്നേയുള്ളു. ജനങ്ങള്‍ക്കായും ആരോഗ്യമേഖലയ്ക്കായും ഇനിയും ഏറെ ചെയ്യാന്‍ ബാക്കിയുണ്ടെന്നും ആരോഗ്യം അനുവദിച്ചാല്‍ അത് ചെയ്യുന്നതിനാകും ശേഷിക്കുന്ന കാലം ശ്രമിക്കുകയെന്നും 81 കാരനായ അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.