ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ഒരു തപസ്യ പോലെയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട പോരാട്ടത്തിന് താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ പൗരപ്രമുഖരുമായും, സാമൂഹിക സംഘടന പ്രതിനിധികളുമായും നടന്ന ഭാരത് ജോഡോ യാത്രാ കോണ്‍ക്ലേവിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിനാണ് ആരംഭിക്കുന്നത്. ഇന്ത്യയെ ഒന്നിപ്പിക്കുന്നത് നീണ്ട യുദ്ധമായിരിക്കുമെന്ന് അറിയാമെങ്കിലും അതിന് തയ്യാറാണ്. നിലവില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്ത് സംഘപരിവാര്‍ ശക്തികളുടെ പ്രത്യയശാസ്ത്രവും മറുവശത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രവുമാണെന്ന ആശയം പ്രചരിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യം.ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. എല്ലാവരും ഒന്നായിരിക്കുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ വിശ്വാസത്തിലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത് - രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ക്ലേവില്‍ പങ്കെടുത്ത സംഘടനകള്‍ ഭാരത് ജോഡോയാത്രയ്ക്കുള്ള പിന്തുണയും യാത്രയില്‍ പങ്കെടുക്കാനുള്ള സന്നദ്ധതയും പാര്‍ട്ടിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഭാരത് ജോഡോ യാത്രയുടെ വിശദ വിവരങ്ങള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കൈമാറിയിരുന്നു. ഇതേ സമയം പൗരപ്രമുഖരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങളും കോണ്‍ഗ്രസ് ശേഖരിച്ചു.
22 ഓളം സംസ്ഥാനങ്ങളില്‍ നിന്നും 150 പേരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ക്ലേവില്‍ പങ്കെടുത്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. 90 മിനിട്ടോളമാണ് ചര്‍ച്ച നീണ്ടത്. ചര്‍ച്ചയില്‍ പങ്കെടുത്ത നാല്‍പ്പതോളം പേരുടെ ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധി ഉത്തരം നല്‍കി.
യാത്രയുടെ ആസൂത്രണം, ലക്ഷ്യം എന്നിവയെക്കുറിച്ചും അദ്ദേഹം ചര്‍ച്ച നടത്തി. യാത്ര കോണ്‍ഗ്രസിന്റേതാണ്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആശങ്കയുള്ളവരോട് കക്ഷിരാഷ്ട്രീയം മറന്ന് യാത്രയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ആപ്ത വാക്യം, ലോഗോ, വെബ്സൈറ്റ് എന്നിവ പാര്‍ട്ടി ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്രയെ പാര്‍ട്ടിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയായണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് പിന്നിടുന്നത്. 150 ദിവസത്തിനുള്ളില്‍ 3500 കിലോ മീറ്റര്‍ ദൂരം പിന്നിടുകയാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ജയറാം രമേശ് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.