പേവിഷബാധ: 26,000 കുപ്പി ആന്റി റാബിസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചു

പേവിഷബാധ: 26,000 കുപ്പി ആന്റി റാബിസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: പേ വിഷബാധയ്‌ക്കെതിരായ 26,000 കുപ്പി ആന്റി റാബിസ് വാക്സിന്‍ സംസ്ഥാനത്തെത്തിച്ചു. മരുന്നു ക്ഷാമം നേരിടുന്നതിന്റെ ഭാഗമായാണ് വാക്സിന്‍ എത്തിച്ചത്.
സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി പരിശോധന പൂര്‍ത്തിയാക്കിയ വാക്സിനാണ് എത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മരുന്ന് ക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍ നിന്ന് 50,500 കുപ്പി വാക്സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നു പരിശോധനാ ലബോറട്ടറിയുടെ പരിശോധനാ ഫലം ഇല്ലാതെ തന്നെ വാക്സിന്‍ വാങ്ങാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയിലെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നായിരുന്നു നിര്‍ദേശം.

പേവിഷ വാക്സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. വേണ്ടത്ര പരിശോധനയില്ലാതെ മരുന്നു വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദത്തിലായി. തുടര്‍ന്നാണ് പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചത്.
വാക്സിന്‍ ആശുപത്രികള്‍ക്ക് കൈമാറി. നായയും പൂച്ചയും കടിച്ച് ആന്റിറാബിസ് വാക്സിനെടുക്കുന്നതിനായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിയതാണ് വാക്സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരായ വാക്‌സിന്‍ എടുത്തിട്ടും മരിച്ച സംഭവം ആശങ്ക ഉയര്‍ത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.