തീരശോഷണത്തെപ്പറ്റി വിശ്വാസ്യതയുള്ള ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണം. 245 കുടുംബങ്ങള്‍ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ഒരു വര്‍ഷത്തോളമായി കഴിയുന്നത്. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ആ ഗോഡൗണ്‍' - പ്രതിപക്ഷം. 'വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാവില്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ്. തദ്ദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്' - മുഖ്യമന്ത്രി. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം. തീരശോഷണം ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ നേരത്തേ സമിതിയെ വച്ച് അന്വേഷിച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരും'- സമര സിമിതി.
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കോണ്‍ഗ്രസിലെ എം വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞം പദ്ധതിക്കെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവും തീരശോഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.
മാസങ്ങളായി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് ഒരു ആശ്വാസവാക്കു പോലും പറഞ്ഞില്ലെന്ന് വിന്‍സെന്റ് വിമര്‍ശിച്ചു. 245 കുടുംബങ്ങള്‍ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണില്‍ ഒരു വര്‍ഷത്തോളമായി കഴിയുകയാണ്.
മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ആ ഗോഡൗണെന്നും വിന്‍സെന്റ് പറഞ്ഞു. വളരെ ദയനീയമായ ജീവിതമാണ് അവിടെ. ഒരു മന്ത്രിമാര്‍ പോലും അവിടേക്ക് കടന്നു ചെന്നിട്ടില്ല. ഏതെങ്കിലും മന്ത്രി അവിടെ ചെന്ന് അവിടെ താമസിക്കുന്നവരുടെ ദുരിതം നേരിട്ടുകാണാന്‍ തയ്യാറുണ്ടോയെന്നും വിന്‍സെന്റ് ചോദിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു എന്നവകാശപ്പെടുന്നവര്‍ എന്തുകൊണ്ട് അവരെ തിരിഞ്ഞുപോലും നോക്കുന്നില്ല. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും വിന്‍സെന്റ് ചോദിച്ചു.
എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീരശോഷണം ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഭാവിയില്‍ വന്‍ വികസനം പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സമരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നുമുള്ള വിമര്‍ശനവും അദ്ദേഹം നടത്തി.
മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സമര സമിതി തിരിച്ചടിച്ചു. തീരശോഷണം ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ നേരത്തേ സമിതിയെ വച്ച് അന്വേഷിച്ചതെന്നും അവര്‍ ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുന്‍പ് പലവട്ടം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്.
എന്നാല്‍ ഇതുവരെ യാതൊരു പ്രശ്‌ന പരിഹാരവുമുണ്ടായില്ല. അതിനാലാണ് തങ്ങള്‍ക്ക് സമര രംഗത്തേക്ക് ഇറങ്ങേണ്ടി വന്നത്. തങ്ങള്‍ ഉന്നയിച്ച തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ പരിഹാരമുണ്ടായ ശേഷമേ സമരത്തില്‍ നിന്നും പിന്നോട്ടുള്ളൂവെന്നും സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.