നോര്‍ക്ക - കാനറാ ബാങ്ക് വായപാ മേള : 191 പ്രവാസി സംരംഭകർക്ക് അനുമതിയായി

നോര്‍ക്ക - കാനറാ ബാങ്ക് വായപാ മേള : 191 പ്രവാസി സംരംഭകർക്ക് അനുമതിയായി

തിരുവനന്തപുരം: മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുളള അഞ്ചു ജില്ലകളിലെ പ്രവാസി  സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി നടത്തിയ വായ്പാ മേളയില്‍ 191 സംരംഭകര്‍ക്ക് വായ്പയ്ക്കുളള പ്രാഥമിക അനുമതിയായി.
ആഗസ്റ്റ് 22, 23 തീയതികളിൽ നടന്ന മേളയില്‍ ആകെ 337 പ്രവാസി സംരംഭകരാണ് പങ്കെടുത്തത്. വായ്പാ അനുമതി ലഭിച്ചവര്‍ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനനുസരിച്ച് വായ്പ അനുവദിക്കും.

18 സംരംഭകർക്ക് വായ്പാ അനുമതിക്കായി മറ്റു ബാങ്കുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ശുപാര്‍ശ ചെയ്തു. മലപ്പുറത്തും കോഴിക്കോടും (വയനാടും) 107 വീതം പ്രവാസി സംരംഭകര്‍ പങ്കെടുത്തതില്‍ 67 വീതം പേര്‍ക്ക് അനുതിയായി. കണ്ണൂരിലെ 73 സംരംഭങ്ങളില്‍ 44 നും കാസര്‍കോട് ജില്ലയില്‍ പങ്കെടുത്ത 50 ല്‍ 17 പ്രവാസി സംരംഭകര്‍ക്കുമാണ് അനുമതിയായത്. നാലു ജില്ലകളിലെ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലായിരുന്നു മേള. വയനാട് ജില്ലയിലുളള പ്രവാസി സംരംഭകര്‍ കോഴിക്കോടാണ് മേളയില്‍ പങ്കെടുത്തത്.

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോഗ്രാം ഫോര്‍ റിട്ടേണ്‍ഡി എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ എം) പദ്ധതി പ്രകാരമാണ് വായ്പകള്‍. വായ്പകള്‍ക്ക് മൂലധന പലിശ സബ്‌സിഡികള്‍ ഉണ്ടെന്നതാണ് പ്രധാന ആകര്‍ഷണം. ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതി. 30 ലക്ഷം വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അനുവദിക്കുക. കാനറാ ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ 18 ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 6000 ത്തോളം ബാങ്കിങ്ങ് ശാഖകള്‍ വഴി സേവനം ലഭിക്കും.

കഴിഞ്ഞ ദിവസം കാനറാ ബാങ്കിന്റെ മലപ്പുറം റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എ.ജി.എം & റീജണല്‍ ഹെഡ് ശ്രീവിദ്യ. എം മേള ഉദ്ഘാടനം ചെയ്തു.
കാനറാ ബാങ്ക് ജനറല്‍ മാനേജറും സ്റ്റേറ്റ് ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനറുമായ എസ് പ്രേംകുമാര്‍ മേളയില്‍ നേരിട്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി. വായ്പക്കുളള അനുമതിപത്രവും മേളയില്‍ വിതരണം ചെയ്തു.
ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി , കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ഗിരിരാജ് കുല്‍ക്കര്‍ണ്ണി, എന്നിവരും സംബന്ധിച്ചു. മലപ്പുറത്ത് ബാബുരാജ്.കെ, കോഴിക്കോട്, വയനാട് മേളയ്ക്ക് എം .ജയകുമാര്‍ .കണ്ണൂരില്‍ അബ്ദുള്‍ നാസര്‍, കാസര്‍ഗോഡ് രജീഷ്.കെ.ആര്‍ എന്നിവര്‍ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും വായ്പാ മേളയ്ക്ക് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.