ന്യൂഡല്‍ഹി: വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എതിര്‍ സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആര്‍ സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
ആറന്മുള നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ഭര്‍ത്താവിന്റെ ബാങ്ക് വിവരം പത്രികയില്‍ നിന്ന് മറച്ചു വെച്ചെന്നായിരുന്നു വീണയ്‌ക്കെതിരായ ആരോപണം. ഇതിനുപുറമെ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തോഡോക്‌സ് സിറിയന്‍ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നേരത്തെ വസ്തുതകള്‍ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021 ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതായും അതിനാല്‍ ഈ ഹര്‍ജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ വീണയുടെ ഭാഗത്തു നിന്ന് ഉണ്ടായത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും അതിനാല്‍ ഹര്‍ജി മെറിറ്റില്‍ കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മെറിറ്റ് പരിഗണിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.
തിരഞ്ഞെടുപ്പ് കേസുകളില്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാല താമസത്തെ കോടതി വിമര്‍ശിച്ചു. 2017 ലാണ് സോജിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചത്. പിന്നീട് ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തത് ഇപ്പോഴാണ്. വീണാ ജോര്‍ജിന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ ഹാജരായി. വി.ആര്‍ സോജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൈലാസ് നാഥ പിള്ള ഹാജരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.