സീറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയ ഫാ. ജോസഫ് ചിറ്റൂര്‍, സിസ്റ്റര്‍ ലിസെറ്റ് ഡി.ബി.എസ്, പി.യു തോമസ് എന്നിവര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കും മറ്റ് പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കുമൊപ്പം.
കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ ചേര്‍ത്തു പിടിച്ച് അവസരോചിതമായി സഹായമെത്തിക്കുവാന്‍ മുന്നിട്ടിറങ്ങിയ മൂന്ന് സഭാ മക്കളെ കാക്കനാടുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആദരിച്ചത്. അവശതയുള്ളവരെ ചേര്‍ത്തു പിടിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.
രൂപതാ വൈദികരുടെ വിഭാഗത്തില്‍ ഫാ. ജോസഫ് ചിറ്റൂര്‍ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ ലിസെറ്റ് ഡി.ബി.എസ് (ജഗ്ദല്‍പൂര്‍ രൂപത), അല്‍മായ വിഭാഗത്തില്‍ കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ സാരഥി പി.യു തോമസ് (ചങ്ങനാശേരി അതിരൂപത) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
സീറോ മലബാര്‍ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ 'സ്പന്ദന്‍' ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മൂവരെയും പൊന്നാടയണിയിച്ചു. സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരും കൂരിയയിലെ വൈദികരും സന്നിഹിതരായിരുന്നു.
ചിക്കാഗോ സെന്റ് തോമസ് രൂപത സമ്മാനിക്കുന്ന അര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്പന്ദന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ കൃതജ്ഞതയര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.