ആശ്വാസ വാര്‍ത്ത: കേരളത്തില്‍ കുട്ടികളിലെ പുകയില ഉപയോഗം കുറവ്: ദേശീയ ശരാശരി 8.5% കേരളത്തില്‍ 3.2%

ആശ്വാസ വാര്‍ത്ത: കേരളത്തില്‍ കുട്ടികളിലെ പുകയില ഉപയോഗം കുറവ്: ദേശീയ ശരാശരി 8.5% കേരളത്തില്‍ 3.2%

തിരുവനന്തപുരം: കുട്ടികളിലെ പുകയില ഉപയോഗം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനം. ഹിമാചല്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവയാണ് കുട്ടികളിലെ പുകയില ഉപയോഗത്തില്‍ കേരളത്തേക്കാള്‍ കുറഞ്ഞ നിരക്ക് സൂചിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

കുട്ടികളിലെ പുകയില ഉപഭോഗത്തില്‍ ദേശീയ ശരാശരി 8.5 ശതമാനമായി കണക്കാക്കുമ്പോള്‍ കേരളത്തില്‍ അത് 3.2 ശതമാനം മാത്രമാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിലാണ് പട്ടണപ്രദേശങ്ങളിലേതിനെക്കാള്‍ പുകയില ഉപയോഗം കൂടുതല്‍. ഉപയോഗത്തില്‍ സിഗരറ്റ്, ബീഡി, ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ എന്നിവ തുല്യനിലയിലാണ്. ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

13നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ പുകയില ഉപയോഗ സൂചകങ്ങളാണ് സര്‍വേക്കായി ഉപയോഗിച്ചത്. 32 സ്‌കൂളിലെ 3206 കുട്ടികളെ പഠനവിധേയരാക്കി. ഇതില്‍ 2930 പേരും 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. സംസ്ഥാനത്തെ കുട്ടികളില്‍ 3.2 ശതമാനം ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നെന്ന് പഠനം സൂചിപ്പിക്കുന്നു.

ഇതില്‍ 5.4 ശതമാനം ആണ്‍കുട്ടികളും 0.9 ശതമാനം പെണ്‍കുട്ടികളുമാണ്. 2.4 ശതമാനം പുകവലിക്കുന്നവരാണ് (4.4 ശതമാനം ആണ്‍കുട്ടികളും 0.4 പെണ്‍കുട്ടികളും). 1.3 ശതമാനം കുട്ടികള്‍ ചവയ്ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നു (2.0 ആണ്‍കുട്ടികള്‍ 0.5 പെണ്‍കുട്ടികള്‍).

സംസ്ഥാനത്തെ 8.6 ശതമാനം കുട്ടികള്‍ പുകവലിക്കുന്ന മറ്റുള്ളവരില്‍ നിന്ന് പുക ഏല്‍ക്കുന്നവരാണ്. 25 ശതമാനം അടച്ചിട്ട ഹോട്ടലുകള്‍, സിനിമ തിയറ്ററുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് പുകയിലയുടെ പുക ഏല്‍ക്കുന്നു.

74 ശതമാനത്തിനും പുകയില ഉല്‍പന്നങ്ങള്‍ ലഭിക്കുന്നത് കടകളില്‍ നിന്നാണ്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില വില്‍ക്കരുതെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണിത്. 83 ശതമാനം കുട്ടികളും മറ്റുള്ളവരുടെ പുകവലി തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.