നിക്കരാഗ്വയില്‍ ഒര്‍ട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടിച്ചു

നിക്കരാഗ്വയില്‍ ഒര്‍ട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടിച്ചു

മതഗല്‍പ്പ: നിക്കരാഗ്വയില്‍ മതഗല്‍പ്പയിലെ ബിഷപ്പും എസ്റ്റെലിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ റൊളാന്‍ഡോ അല്‍വാരെസിനെ വീട്ടുതടങ്കലിലാക്കി ദിവസങ്ങള്‍ പിന്നിടുന്നതിനിടെ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷനെക്കൂടി നിശബ്ദമാക്കി. 28 വര്‍ഷത്തോളമായി സുവിശേഷവല്‍ക്കരണം നടത്തിവന്നിരുന്ന എസ്റ്റെലി രൂപതയുടെ സ്റ്റീരിയോ ഫെ എന്ന എഫ്എം റേഡിയോയെയാണ് നിശബ്ദമാക്കിയത്.

റേഡിയോയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ടെല്‍കോര്‍ (നിക്കരാഗ്വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പോസ്റ്റ് ഓഫീസ്) ന്റെ ഉത്തരവ് ഇന്നലെ തങ്ങള്‍ക്ക് ലഭിച്ചതായി റേഡിയോ സ്റ്റേഷന്‍ വെളിപ്പെടുത്തി. ഇതോടെ ഒര്‍ട്ടേഗ ഭരണകൂടം സ്വേച്ഛാധിപത്യ നടപടിയിലൂടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഏഴാമത്തെ റേഡിയോ സ്‌റ്റേഷനായി സ്റ്റീരിയോ ഫെ മാറി.

അന്തരിച്ച ഫ്രാന്‍സിസ്‌കോ വാല്‍ഡിവിയയുടെ പേരില്‍ ആരംഭിച്ച റേഡിയോ, സര്‍ക്കാര്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള എല്ലാവിധ ലൈസന്‍സോടെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രൂപതാ വക്താവ് പറഞ്ഞു. 28 വര്‍ഷത്തെ സംപ്രേക്ഷണത്തിനിടയില്‍ നിയമവിരുധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. നീതീകരിക്കാനാവാത്ത കാരണങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ റേഡിയോ സ്‌റ്റേഷന്‍ പൂട്ടിയിരിക്കുന്നതെന്നും രൂപതാ വക്താവ് പറഞ്ഞു.

വീട്ടു തടങ്കലില്‍ കഴിയുന്ന ബിഷപ് അല്‍വാരസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റെലി രൂപതയിലെ വൈദികര്‍ പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടിയത്. ബിഷപ്പിനൊപ്പം വൈദികരും അല്‍മായരും അടക്കം പത്തോളം പേരും ഓഗസ്റ്റ് നാല് മുതല്‍ വീട്ടുതടങ്കലിലാണ്.

ബിഷപ്പിനെ ബന്ദിയാക്കി പാര്‍പ്പിച്ചിരിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തിയിരുന്നു. റേഡിയോ അടച്ചുപൂട്ടിയ നടപടിയെ എസ്റ്റെലി രൂപതയും അപലപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന മറ്റെല്ലാ മാര്‍ഗങ്ങളിലൂടെയും സുവിശേഷ പ്രഘോഷണം തുടരുമെന്നും രൂപത വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.