കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ അപകട മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.
ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
അപകട ദിവസം കെ.എം. ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. ഉന്നത സ്വാധീനമുള്ള പ്രതിയെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.
2019 ആഗസറ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ.എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.