വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച പുതിയ കര്‍ദിനാള്‍മാരെ വഴിക്കുന്ന ചടങ്ങ് നാളെ വത്തിക്കാനില്‍ നടക്കും. ഇതോടെ സഭയുടെ രാജകുമാരന്മാര്‍ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 229 ആയി ഉയരും. ഇന്ത്യയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള, ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി എന്നിവര്‍ ഉള്‍പ്പെടെ 20 കര്‍ദിനാള്‍മാരെയാണ് പുതുതായി മാര്‍പ്പാപ്പ നിയമിച്ചത്. ഈ ചടങ്ങില്‍ സഭയുടെ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്നു എന്നത് വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റു നോക്കുന്നത്.
നിലവില്‍ കര്‍ദിനാള്‍ സംഘത്തില്‍ 208 കര്‍ദിനാള്‍മാരാണുള്ളത്. പുതിയ കര്‍ദ്ദിനാള്‍മാര്‍ കൂടിയെത്തുന്നതോടെയാണ് ഇവരുടെ എണ്ണം 229 ആകുന്നത്. എന്നാല്‍ ഈ 229 കര്‍ദ്ദിനാള്‍മാരില്‍ എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പയ്ക്കു ശേഷമുള്ള പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമില്ല. 80 വയസ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശമില്ലാത്തത്.
വിവിധ രാജ്യങ്ങളിലെ വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ എണ്ണം മുകളില്‍ കൊടുത്തിരിക്കുന്നു
132 പേര്‍ 80 വയസില്‍ താഴെ പ്രായമുള്ളവരാകയാല്‍ സമ്മതിദാന അവകാശമുള്ളവരാണ്. ഇലക്ടര്‍മാരില്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. വത്തിക്കാനില്‍ നാളെ ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വോട്ടവകാശമുള്ള 16 പുതിയ കര്‍ദ്ദിനാള്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. 80 വയസ് പിന്നിട്ട നാലു പുതിയ കര്‍ദ്ദിനാള്‍മാരെയും മാര്‍പാപ്പ വാഴിക്കും.
നിലവിലുള്ള കര്‍ദ്ദിനാള്‍ ഇലക്ടര്‍മാരില്‍ ആറ് പേര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ 80 വയസ് തികയും. അതില്‍ രണ്ടുപേര്‍ക്ക് സെപ്റ്റംബര്‍ അവസാനത്തോടെ 80 വയസ് തികയും.
യൂറോപ്പില്‍നിന്നാണ് വോട്ടവകാശമുള്ള ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാരുള്ളത് - 53 പേര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കര്‍ദിനാള്‍മാരുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ 47 കര്‍ദ്ദിനാള്‍മാരില്‍ 20 പേര്‍ക്കാണ് സമ്മതിദാന അവകാശമുള്ളത്. പിന്നാലെ അമേരിക്ക (10), സ്പെയിന്‍ (6), ബ്രസീല്‍ (6), ഇന്ത്യ (5), ഫ്രാന്‍സ് (5), കാനഡ (4) എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്.
ഏഷ്യാ-പസഫിക് മേഖലയിലും ഇലക്ടര്‍മാരായ കര്‍ദിനാള്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. വോട്ട് അവകാശമുള്ള കര്‍ദ്ദിനാള്‍മാരുടെ പ്രാതിനിധ്യം 2013-ലെ ഒന്‍പതു ശതമാനത്തില്‍നിന്ന് 2022-ല്‍ 17 ശതമാനമായി ഉയര്‍ന്നു.
ഉപ-സഹാറന്‍ ആഫ്രിക്കയില്‍നിന്നുള്ള ഇലക്ടര്‍മാരുടെ പ്രാതിനിധ്യം 9 ശതമാനത്തില്‍നിന്ന് 12 ശതമാനമായി ഉയര്‍ന്നു. ലാറ്റിനമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമുള്ള, വോട്ടവകാശമുള്ള കര്‍ദിനാള്‍മാരുടെ ശതമാനം 16% ല്‍ നിന്ന് 18% ആയി ഉയര്‍ന്നു.
വലിയ ശതമാനം കത്തോലിക്ക വിശ്വാസികളുള്ള അയര്‍ലന്‍ഡ്, ചൈന, ലെബനോന്‍, അംഗോള, ഓസ്ട്രേലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ സമ്മതിദാന അവകാശമുള്ള കര്‍ദിനാള്‍മാരില്ല എന്നതു ശ്രദ്ധേയമാണ്.
കര്‍ദിനാള്‍ സംഘത്തിലെ 63 ശതമാനം കര്‍ദിനാള്‍മാരെ നിയമിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ബാക്കിയുള്ളവരെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമനുമാണ് വാഴിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26