എഴുപത്തിരണ്ടാം മാർപാപ്പ ജോണ്‍ നാലാമന്‍ (കേപ്പാമാരിലൂടെ ഭാഗം-73)

എഴുപത്തിരണ്ടാം മാർപാപ്പ ജോണ്‍ നാലാമന്‍ (കേപ്പാമാരിലൂടെ ഭാഗം-73)

ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ

ഏ.ഡി. 640 ഡിസംബര്‍ 24 മുതല്‍ ഏ.ഡി. 642 ഒക്ടോബര്‍ 12 മുതല്‍ തിരുസഭയുടെ വലിയ മുക്കുവന്റെ സ്ഥാനം വഹിച്ച മാര്‍പ്പാപ്പയാണ് ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ. റോമാ സാമ്രാജ്യത്തിലെ പ്രവിശ്യയായ ഡാല്‍മേഷ്യയിലാണ് (ഇന്നത്തെ ക്രൊയേഷ്യ) വെനാന്തിയൂസ് എന്ന അഭിഭാഷകന്റെ മകനായി ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് റോമില്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയായ എക്‌സാര്‍ക്കിന്റെ നിയമോപദേശകനായിരുന്നുവെങ്കിലും ജോണ്‍ മാര്‍പ്പാപ്പ മോണൊതെലിത്തിസം എന്ന പാഷണ്ഡതയെ അനുകൂലിച്ചു കൊണ്ടുള്ള രാജകീയ നിലപാടിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. മാത്രമല്ല മോണൊതെലിത്തിസത്തിനെതിരായി ശക്തമായ നിലപാട് അദ്ദേഹം കൈകൊള്ളുകയും ചെയ്തു. മാര്‍പ്പാപ്പയായി അഭിഷേകം ചെയ്യപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ അതായത് ഏ.ഡി. 641 ജനുവരി മാസത്തില്‍ മാര്‍പ്പാപ്പ റോമില്‍ ഒരു സിനഡ് വിളിച്ചുകൂട്ടുകയും മോണൊതെലിത്തസത്തെ പാഷണ്ഡതയായി വിധിക്കുകയും ചെയ്തു.

മോണൊതെലിത്തിസത്തിന്റെ സ്പഷ്ടമായ പ്രകടനമായിരുന്ന ഹെരാക്ലിയസ് ചക്രവര്‍ത്തിയുടെ എക്‌തെസിസ് എന്ന വിശ്വാസപ്രാഖ്യാപനത്തെ ഹൊണൊരിയസ് മാര്‍പ്പാപ്പ അംഗീകരിച്ച നടപടിയെ അംഗീകരിച്ചുകൊണ്ട് മോണൊതെലിത്തസത്തെ ഔദ്യോഗിക പഠനമായി അംഗീകരിക്കുവാന്‍ കോണ്‍സ്റ്റാന്റിനോപ്പാളിന്റെ പുതിയ പാത്രിയാര്‍ക്കീസായ പിയറസ് ഒന്നാമന്‍ പാത്രിയാര്‍ക്കീസ് ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പയോട് അപ്പീല്‍ ചെയ്തപ്പോള്‍ പാത്രിയാര്‍ക്കീസിന്റെ ആവശ്യത്തെ ശക്തമായി നിരാകരിച്ചു. മാത്രമല്ല തന്റെ മുന്‍ഗാമിയുടെ നാമം സത്യവിശ്വാസ വിരുദ്ധമായ പഠനങ്ങളോട് ചേര്‍ത്ത് ഉപയോഗിക്കുവാനുള്ള പിയറസ് പാത്രിയാര്‍ക്കീസിന്റെ നീക്കങ്ങളോടുള്ള അതൃപ്തിയും അപ്രിയവും പ്രകടിപ്പിച്ചു കൊണ്ടും എക്‌തെസിസിന്റെ പകര്‍പ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്നും റോമാ സാമ്രാജ്യത്തിന്റെ പുതിയ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയോട് ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

തന്റെ ജന്മദേശമായ ഡാല്‍മേഷ്യയില്‍ സ്ലൊവാനിക് വംശജര്‍ നടത്തിയ അധിനിവേശം മാര്‍പ്പാപ്പയുടെ ശ്രദ്ധ അവിടേക്ക് തിരിയുന്നതിന് ഇടയാക്കി. തന്റെ ജനങ്ങളുടെ കഷ്ടതകള്‍ ദൂരീകരിക്കുന്നതിനും സ്ലൊവാനിക് വംശജര്‍ ബന്ദികളാക്കിയവരുടെ മോചനത്തിനാവശ്യമായ മോചനദ്രവ്യവുമായി ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ സന്യാസാശ്രമാധിപനായ മാര്‍ട്ടിനെ ഡാല്‍മേഷ്യയിലേക്കയച്ചു. പിന്നീട്, മാര്‍ട്ടിന്‍ റോമിലേക്കു കൊണ്ടുവന്ന ഡാല്‍മേഷ്യയില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ തിരിശേഷിപ്പുകള്‍ നിക്ഷേപിക്കുന്നതിനായി ലാറ്ററന്‍ ബസിലക്കിയിലെ മാമ്മോദീസ കുളത്തിനടുത്ത് ഒരു കപ്പേള നിര്‍മ്മിക്കുന്നതിനായും മാർപാപ്പ സംഭാവനകള്‍ നല്‍കി.

ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കീഴ്‌വഴക്കങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിത്യസ്തമായ കീഴ്‌വഴക്കങ്ങള്‍ പിന്തുടര്‍ന്നു. തന്റെ തിരഞ്ഞെടുപ്പിന് ചക്രവര്‍ത്തിയുടെ ഔദ്യോഗിക അംഗീകാരത്തിനായി ജോണ്‍ മാര്‍പ്പാപ്പയക്ക് ഏകദേശം അഞ്ച് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നു. പ്രസ്തുത അവസരത്തല്‍ മറ്റു സഭാസമൂഹങ്ങളില്‍ നിന്നും വിത്യസ്തമായി യഹൂദരുടെ പെസഹാതിരുനാള്‍ അടിസ്ഥാനപ്പെടുത്തി ഈസ്റ്റര്‍ ആഘോഷിക്കുന്ന പതിവിനെ ശാസിച്ചുകൊണ്ടും പ്രസ്തുത പതിവില്‍ മാറ്റം വരുത്തികൊണ്ട് മറ്റു സഭാസമൂഹങ്ങളോട് ചേര്‍ന്ന് ഈസ്റ്റര്‍ ആഘോഷിക്കണമെന്നും ആവശ്യപ്പെടുകൊണ്ടും അതോടൊപ്പം പെലെജിയനിസം എന്ന പാഷണ്ഡതയ്‌ക്കെതിരായി മുന്നറിയിപ്പു നല്‍കികൊണ്ടും റോമന്‍ സഭാനേതൃത്വം അയർലണ്ടിലെ മെത്രാന്മാര്‍ക്കും സന്യാസമഠാധിപന്മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ പ്രസ്തുത പ്രമാണത്തില്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ നാലാമന്‍ രണ്ടാമത്തെ വ്യക്തിയായിട്ടാണ് ഒപ്പിട്ടത്. തിരുസഭയുടെ തലവനായി തിരഞ്ഞെുക്കപ്പെട്ടുവെങ്കിലും അയർലണ്ടിലെ സഭയ്ക്കുള്ള ഔദ്യോഗിക രേഖയില്‍ ആര്‍ച്ച്പ്രീസ്റ്റായ ഹിലാരിയൂസും ജോണ്‍ എന്ന നാമമുള്ള ചീഫ് സെക്രട്ടറിയുമാണ് പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധികള്‍ എന്ന പേരില്‍ ആദ്യമായി ഒപ്പിട്ടെത്. സഭാചരിത്രത്തിന്റെ ഒരു നീണ്ട കാലയളവില്‍ വി. പത്രോസിന്റെ സിംഹാസനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രമാണ് മാര്‍പ്പാപ്പയായുള്ള ഒരു വ്യക്തിയുടെ നിയമനത്തിന്റെ സാധുതയായി പരിഗണിക്കപ്പെട്ടിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് നിയമാനുസൃതമാകുകയും അദ്ദേഹത്തിന്റെ ഒരോ പ്രവര്‍ത്തിയും സാധുവാകുകയും ചെയുമായിരുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ അപ്രകാരമായിരുന്നില്ല, മാര്‍പ്പാപ്പ റോമിന്റെ മെത്രാനും കൂടിയായതിനാല്‍ അദ്ദേഹം റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതുവരെ അദ്ദേഹം നിയമാനുസൃതമായി മാര്‍പ്പാപ്പയായിരുന്നില്ല. അതിനാല്‍തന്നെ ജോണ്‍ നാലാമന്‍ മാര്‍പ്പാപ്പ റോമിന്റെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടതുവരെ മാര്‍പ്പാപ്പയായുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് സാധുതയില്ലായിരുന്നു. ഈ സംഭവം ഇന്നത്തെ കാനോന്‍ നിയമം അനുശാസിക്കുന്ന മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് സാധുവാകുന്നതിനുള്ള നിബന്ധനയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. കാനന്‍ നിയമം 332.1 അനുസരിച്ച് ഒരു വ്യക്തി മാര്‍പ്പാപ്പയയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം മെത്രാനല്ലെങ്കില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സാധുവാകുകയില്ലയെന്ന് വ്യക്തമായി പരാമര്‍ശിക്കുന്നു.

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.