ഏ.ഡി. 640 മെയ് 28-ാം തീയതി ആരംഭിച്ച് അറുപത്തിയാറു ദിവസം മാത്രം നീണ്ട സഭാഭരണമായിരുന്നു തിരുസഭയുടെ എഴുപത്തിയൊന്നാമത്തെ തലവനായ സെവെറിനൂസ് മാര്‍പ്പാപ്പയുടേത്. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍തന്നെ വയോധികനായിരുന്ന സെവെറിനൂസ് മാര്‍പ്പാപ്പയ്ക്ക് തന്റെ തിരഞ്ഞെടുപ്പിനുശേഷം റോമിന്റെ മെത്രാനും മാര്‍പ്പാപ്പയുമായി അഭിഷേകം ചെയ്യപ്പെടുന്നതിനായി ഏകദേശം ഇരുപതു മാസങ്ങളോളം ചക്രവര്‍ത്തിയുടെ അംഗീകാരത്തിനും അനുമതിക്കുമായി കാത്തിരിക്കേണ്ടി വന്നു. സഭയില്‍ ശക്തമായി നിലനിന്നിരുന്ന പാഷണ്ഡതയായ മോണോതെലിത്തിസം എന്ന പഠനത്തെ അനുധാവനം ചെയ്യുവാന്‍ മാര്‍പ്പാപ്പ വിസമ്മതിച്ചുവെന്നതായിരുന്ന ഈ കാലവിളംബത്തിന് കാരണം.
മോണൊഫിസിറ്റിക്ക് പാഷണ്ഡതയുടെ അതായത് ഏകസ്വഭാവവാദത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കിസായ സേര്‍ജിയൂസ് പുറപ്പെടുവിക്കുകയും ഹെരാക്ലിയസ് ചക്രവര്‍ത്തി അംഗീകരിക്കുകയും ചെയ്ത എക്തെസിസ് എന്ന രേഖയെ പ്രസ്തുത രേഖ മോണോതെലിത്തിസം എന്ന പാഷണ്ഡതയുടെ വ്യക്തമായ പ്രകടനമാണ് എന്ന കാരണത്താല്‍ അംഗീകരിക്കുവാന്‍ സെവെറിനൂസ് മാര്‍പ്പാപ്പ തയ്യാറായില്ല. ചക്രവര്‍ത്തിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്നതിനിടയില്‍ തന്നെ എക്തെസിസ് എന്ന രേഖയെ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത കാരണത്താല്‍ നിഷ്ഠൂരമായ പീഡകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തങ്ങളുടെ ശമ്പളം മാര്‍പ്പാപ്പയുടെ കൈയില്‍ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന റോമന്‍ സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ റോമിന്റെ മെത്രാന്റെ ഔദ്യോഗിക വസതിയായ ലാറ്ററന്‍ കൊട്ടാരം മൂന്നൂ ദിവസങ്ങളോളം ഉപരോധിക്കുകയും തങ്ങളുടെ ശമ്പളം വിട്ടുകിട്ടുവാനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഉപരോധത്തിന്റെ അവസാനമെന്നോണം പട്ടാളക്കാര്‍ ലാറ്ററന്‍ കൊട്ടാരത്തില്‍ പ്രവേശിക്കുകയും പേപ്പല്‍ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. തങ്ങള്‍ കൊള്ളയടിച്ച പേപ്പല്‍ സമ്പാദ്യം മുഴുവന്‍ റോമന്‍ സൈന്യവും ഉദ്യോഗസ്ഥരും ചേര്‍ന്ന് പങ്കുവെയ്‌ച്ചെടുത്തു. ചക്രവര്‍ത്തിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഏ.ഡി. 640 മെയ് 28-ന് അഭിഷേകം ചെയ്യപ്പെട്ട സെവെറിനൂസ് മാര്‍പ്പാപ്പ തന്റെ ഭരണത്തിന്റെ അറുപത്തിയാറാം ദിവസം, ആഗസ്റ്റ് 2-ാം തീയതി അദ്ദേഹം കാലം ചെയ്തു. 
രൂപതാ വൈദികരെ അനുകൂലിക്കുകയും ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പയുടെ നയങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്ന പക്ഷക്കാരാല്‍ തിരഞ്ഞെടുക്കപ്പെട്ട സെവെറിനൂസ് മാര്‍പ്പാപ്പ രൂപതാ വൈദികരുടെ വേതനം ഉയര്‍ത്തുകയും തന്റെ മരണത്തെതുടര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള അവരുടെ ശമ്പളം മുന്‍കൂറായി നല്‍കുകയും ചെയ്തു. സെവെറിനൂസ് മാര്‍പ്പാപ്പയുടെ ഭൗതികശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.