പേഴ്സനല്‍ സ്റ്റാഫ് പോര; ഇനി ഫയലുമായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനില്‍ വരണം: നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

പേഴ്സനല്‍ സ്റ്റാഫ് പോര; ഇനി ഫയലുമായി മന്ത്രിമാര്‍ നേരിട്ട് രാജ്ഭവനില്‍ വരണം: നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്നും പേഴ്സനല്‍ സ്റ്റാഫിനെ അയച്ചാല്‍ അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇക്കാര്യം രാജ്ഭവനില്‍ നിന്ന് ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. വകുപ്പു സെക്രട്ടറിമാരെയും മന്ത്രിമാര്‍ക്ക് ഒപ്പം കൂട്ടാമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പേഴ്സനല്‍ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ. അവര്‍ക്കു കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കട്ടെ.

മന്ത്രിമാരുടെ ഓഫിസില്‍ പാര്‍ട്ടി നിയമിക്കുന്ന പേഴ്സനല്‍ സ്റ്റാഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫയലിലെ കാര്യങ്ങള്‍ ഗവര്‍ണറോടു വിശദീകരിക്കേണ്ടത് മന്ത്രിമാരാണ്.

ഗവര്‍ണറെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. പലവട്ടം ഓര്‍മിപ്പിച്ചിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. സംശയങ്ങളുള്ള ഒരു ഫയലിലും ഇനി ഒപ്പിടില്ല. അതെല്ലാം മന്ത്രിമാര്‍ വന്നു വിശദീകരിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.