വാഷിങ്ടൺ ഡിസി: വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി താരം വെളിപ്പെടുത്തൽ നടത്തിയത്ത്.
ചിത്രത്തിന്റെ ചിത്രീകരണ വേളയിലൂടെ കടന്നു പോയപ്പോൾ ഉണ്ടായ ആത്മീയതയുടെ അനുഭവമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നതായി ലാബ്യൂഫ് വെളിപ്പെടുത്തി.
വിശുദ്ധ പാദ്രേ പിയോയെ കുറിച്ചുള്ള സിനിമയുടെ ഭാഗമാകാന്‍ തീരുമാനമെടുത്തപ്പോള്‍ വിശുദ്ധന്റെ ജീവിതം അടുത്തറിയാൻ ഫ്രാൻസിസ്‌ക്കൻ കപ്പൂച്ചിൻ സന്യാസിമാരുടെ ആശ്രമത്തിൽ താമസിച്ചു. ആ കാലഘട്ടം തന്റെ വ്യക്തിപരമായ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തി. അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിലാണ് താന്‍ ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. ആത്മീയതയുടെ അർത്ഥം കണ്ടെത്തുന്നതിനായി വിവിധ വിശ്വാസ ഗ്രൂപ്പുകളിൽ ചേർന്നു. നിസഹായതയുടെയും ആത്മഹത്യയുടെയും ചിന്തകൾക്കെതിരെ പോരാട്ട ശ്രമം തുടര്‍ന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
ജീവിതത്തിൽ ഒരുപാട് തിരിച്ചടികളിലൂടെയും തകർച്ചയിലൂടെയും കടന്നുപോയി. ജീവിക്കണം എന്നുള്ള ആഗ്രഹം പോലും അക്കാലത്ത് നഷ്ടപ്പെട്ടു. എന്റെ മേശയിൽ ഒരു തോക്ക് ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും കരുതി.
തന്റെ പ്രതിസന്ധികള്‍ക്ക് നടുവില്‍ പശ്ചാത്താപത്തെ ക്രൈസ്തവ വിശ്വാസം എങ്ങനെ സമീപിക്കുന്നുവെന്നത് അന്ധകാരത്തിൽ നിന്ന് കരകയറുന്നതിന് സഹായകമായി. എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി പാപം ചെയ്ത മറ്റ് ആളുകളും ക്രിസ്തുവിൽ സമാശ്വാസം കണ്ടെത്തുന്നതു തന്നെ ഏറെ സ്വാധീനിച്ചുവെന്നും ലാബ്യൂഫ് പറയുന്നു. പാദ്രേ പിയോയുടെ ജീവിതം ചിത്രീകരിച്ചപ്പോൾ ഉണ്ടായ വിവിധ അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നത്. എങ്കിലും കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നില്ല.
സിനിമാ നിര്‍മ്മാതാവായ ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന വിശുദ്ധ പാദ്രെ പിയോയുടെ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ച പാദ്രെ പിയോയ്ക്കു നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 2012 ജൂണ്‍ 16-ന് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമായ ഷിയ ലാബ്യൂഫ് 'ദി ക്രിസ്മസ് പാത്ത്' എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. അമേരിക്കൻ ഡിസ്നി ചാനൽ പരമ്പരയായ ഈവൻ സ്റ്റീവൻസിലെ വേഷത്തിന് 2001-ൽ യംഗ് ആർട്ടിസ്റ്റ് അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും 2003-ൽ ഡേടൈം എമ്മി അവാർഡ് നേടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.