നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് അമേരിക്ക; ക്രൂര പീഡനങ്ങൾക്ക് ഇരയായ കാത്തോലിക്കരെ മറന്നതിനെതിരെ വിമർശനം

നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് അമേരിക്ക; ക്രൂര പീഡനങ്ങൾക്ക് ഇരയായ കാത്തോലിക്കരെ മറന്നതിനെതിരെ വിമർശനം

വാഷിങ്ടണ്‍: നിക്കരാഗ്വയില്‍ എകാധിപത്യ ഭരണാധികാരി ഡാനിയേല്‍ ഒര്‍ട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച അമേരിക്ക പീഡനം നേരിടേണ്ടിവന്ന കത്തോലിക്ക നേതാക്കളെ മനപൂര്‍വ്വം വിസ്മരിച്ചത് വിവാദമായി. വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് സെക്രട്ടറി കരീന്‍ ജീന്‍ പിയറി നല്‍കിയ മറുപടിയിലാണ് കത്തോലിക്കര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് ഒരു വാക്കു പോലും പരാമര്‍ശിക്കാതെ പോയത്. കത്തോലിക്ക സഭാ നേതൃത്വത്തിനിടയില്‍ ഇത് അമര്‍ഷത്തിനും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു.

വ്യാഴാഴ്ചത്തെ വൈറ്റ് ഹൗസ് പത്രസമ്മേളനത്തിലാണ് സംഭവം. ഓവന്‍ ജെന്‍സന്‍ എന്ന പത്രലേഖകന്‍ ഒര്‍ട്ടെഗ ഭരണകൂടം കത്തോലിക്കരെ ലക്ഷ്യമിട്ടുള്ള സമീപകാല കുറ്റകൃത്യങ്ങളുടെ ഒരു ലിസ്റ്റ് ഉദ്ധരിച്ചു. മതാഗല്‍പ്പ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരെസിനെ തട്ടിക്കൊണ്ടുപോയതും നിരവധി വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും തടങ്കലിലാക്കിയതുമൊക്കെ പരാമര്‍ശിച്ചു. നിക്കരാഗ്വയിലെ കത്തോലിക്കര്‍ക്കെതിരെയുള്ള പീഡനത്തെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രതികരണം എന്താണ് എന്ന് ആരാഞ്ഞപ്പോഴാണ് ജീന്‍ പിയറി തന്റെ വിവാദ പരാമര്‍ശം നടത്തിയത്.

തന്റെ പേപ്പര്‍ കെട്ടുകള്‍ക്കിടയില്‍ നിന്ന് മുന്‍കൂട്ടി തയാറാക്കിയ പ്രസ്താവന പുറത്തെടുത്ത ശേഷം ചോദ്യത്തിനുള്ള മറുപടിയായി ജീന്‍ പിയറി അതു വായിച്ചു. 'നിക്കരാഗ്വയിലെ ഭരണകൂടത്തിന്റെ ജനാധിപത്യ മനുഷ്യാവകാശ മൂല്യങ്ങളെ ലംഘിച്ചുകൊണ്ടുള്ള നടപടിയുടെ ഭാഗമായി ജനാധിപത്യ വാദികള്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ തടവിലാക്കി. ബൈഡന്‍ ഭരണകൂടം ഇത് അസ്വീകാര്യമാണെന്ന് കണ്ടെത്തുകയും നടപടികളെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.''- അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ അമേരിക്കയും ലോകനേതാക്കളും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി. എന്നാല്‍ പ്രസ്താവനയില്‍ ഒരിടത്തും കത്തോലിക്ക നേതാക്കള്‍ നേരിടുന്ന പീഡനങ്ങളെക്കുറച്ചോ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ ഒരു വാക്കു പോലും പരമര്‍ശിച്ചിട്ടില്ല എന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.