തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രത്യാഘാതങ്ങൾ സത്യസന്ധമായി പഠിച്ച് പരിഹരിക്കണം എന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി. തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള ഭയാനകമായ തീര ശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
അടുത്തകാലത്ത് കോവളം, ശങ്കുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ അതിഭീമമാണ്. തുറമുഖ നിർമ്മാണം ഇതിന് കാരണമെന്നാണ് തീരദേശ സമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നത്. 64 ചതുരശ്ര കിലോമീറ്റര്‍ തീരം നഷ്ടമായതായി തിരുവനന്തപുരത്തെ പാർലമെന്റ് അംഗം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമന്നും സമിതി ആവശ്യപ്പെട്ടു.
ഹരിത ട്രിബ്യൂണലിന്റെ ഉത്തരവു പ്രകാരം പോർട്ട് കരാറുകാരുടെ സഹായത്തോടെ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നവ അല്ലെന്ന് വ്യക്തമാണ്. റിപ്പോർട്ടുകൾ വിശ്വാസയോഗ്യമല്ല. കൺമുന്നിൽ വിനാശകരമായ തീരനഷ്ടം സംഭവിക്കുമ്പോൾ ഈ റിപ്പോർട്ടുകളിൽ യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നില്ല എന്നത് സർക്കാരും നീതിന്യായ സംവിധാനങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതാണ്. കഴിഞ്ഞ സർക്കാരിൽ തുറമുഖ വകുപ്പിന്റെ മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ തുറമുഖ നിർമ്മാണം തീര ശോഷണത്തിന് കാരണമാകുന്നു എന്ന് സമ്മതിച്ചിട്ടുള്ള വസ്തുതയാണെന്ന് യോഗം വ്യക്തമാക്കി.
തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനപരമായ സമരങ്ങൾക്ക് സഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി. പ്രക്ഷോഭത്തെ സമാധാനപരമായി മുന്നോട്ടു കൊണ്ടു പോകുന്നതിൽ സംസ്ഥാനത്തെ പോലീസും സമരസമിതി നേതാക്കളും പ്രകടിപ്പിക്കുന്ന ജാഗ്രതയെ യോഗം അഭിനന്ദിച്ചു.
ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് ജെ നെറ്റോ, മെത്രാന്മാരായ ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ, പൊന്നുമുത്തൻ, ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. പീറ്റർ അബീർ, ഡോ. വർഗീസ് ചക്കാലക്കൽ, ഡോ. അലക്സ് വടക്കുംതല, ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.