കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയും; പകരക്കാരുടെ പട്ടികയില്‍ സാധ്യത കൂടുതല്‍ എം.വി ഗോവിന്ദന്

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയും; പകരക്കാരുടെ പട്ടികയില്‍ സാധ്യത കൂടുതല്‍ എം.വി ഗോവിന്ദന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിയും. ക്യാന്‍സര്‍ ബാധിതനായ കോടിയേരിക്ക് തുടര്‍ ചികിത്സ വേണ്ടി വന്നതിലാണിത്. ചികിത്സയ്ക്കായി നാളെ ഉച്ചയ്ക്ക് ചെന്നൈയിലേക്ക് പോകാനിരിക്കുകയാണ് കോടിയേരി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ കോടിയേരിയെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ചു.

സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, മന്ത്രി എം.വി ഗോവിന്ദന്‍, മുന്‍ മന്ത്രി എ.കെ ബാലന്‍ എന്നിവര്‍ പരിഗണനയിലുണ്ട്. കോടിയേരി മാറിനിന്ന് സമയത്ത് സെക്രട്ടറി എ. വിജയരാഘവനും പരിഗണനാ പട്ടികയിലുണ്ട്.

പുതിയ സെക്രട്ടറിയെ സംബന്ധിച്ച് തീരുമാനിക്കുന്നതിന് പാര്‍ട്ടി സംസ്ഥാന സമിതി യോഗം ഉടന്‍ ചേരും. മന്ത്രിസഭാ അഴിച്ചുപണിയും ചര്‍ച്ചയായേക്കും. എം.വി. ഗോവിന്ദനാണ് കോടിയേരിക്ക് പകരക്കാരനായി സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ഗോവിന്ദന്‍ മന്ത്രിയായതിനാല്‍ സെക്രട്ടറിയുടെ ചുമതലയിലേക്കു വന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും.

പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.കെ. ബാലനും ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജനുമാണ് ഗോവിന്ദന്‍ കഴിഞ്ഞാല്‍ സാധ്യത പട്ടികയിലുള്ളത്. ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായി തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ ബാലന് നറുക്ക് വീഴും. മറിച്ച് ഇ.പി സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ ബാലനാകും കണ്‍വീനര്‍.

ആദ്യമായി ഒരു വനിതയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ പി.കെ. ശ്രീമതിക്ക് വഴിയൊരുങ്ങും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചാണ് ശ്രീമതി ടീച്ചറുടെയും നിലവിലെ പ്രവര്‍ത്തനം.

സാധാരണ മൂന്നു മാസത്തിലൊരിക്കല്‍ കൂടാറുള്ള സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച അടിയന്തരമായി വിളിച്ചു ചേര്‍ത്തതിനു കാരണം മന്ത്രിസഭ പുനസംഘടനയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. മന്ത്രിസഭയുടെ പ്രകടനം തൃപ്തികരമല്ലെന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ സിപിഎം ഒരുങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.