• Mon Mar 31 2025

ഉദ്യോഗസ്ഥ തലപ്പത്ത് ആര്?: പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്നറിയാം; വേണുവിനും പത്മകുമാറിനും സാധ്യത

ഉദ്യോഗസ്ഥ തലപ്പത്ത് ആര്?: പുതിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഇന്നറിയാം; വേണുവിനും പത്മകുമാറിനും സാധ്യത

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ആരൊക്കെ ആയിരിക്കുമെന്ന്‌ ഇന്നറിയാം. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് കൂടുതൽ സാധ്യത. പൊലീസിന്റെ തലപ്പത്ത് കെ.പത്മകുമാ‍റോ ഷെയ്ക്ക് ദർവേസ് സാഹിബോ എത്തും. സീനിയോരിറ്റിയിൽ പത്മകുമാ‍റാണ് മുന്നിൽ. ഇന്ന്‌ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകും. 

ജൂൺ 30 ന് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാണ് രണ്ട് സ്ഥാനത്തേക്കും പുതിയ ആളുകളെത്തുക.

നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ് വേണു. വേണുവിനേക്കാൾ സീനിയറായ രണ്ട് ഉദ്യോഗസ്ഥർ കേന്ദ്ര സർവീസിൽ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ വേണുവിനാണ് സാധ്യത കൂടുതൽ.

എന്നാൽ അനിൽകാന്തിന്റെ പിൻഗാമിയായി പൊലീസ് തലപ്പത്ത് ഫയർഫോഴ്സ് മേധാവി ഷേയ്ഖ് ദർവേസ് സാഹിബും ജയിൽ മേധാവി കെ.പത്മകുമാറുമാണ് സാധ്യതാ പട്ടികയിൽ മുൻനിരയിലുള്ളത്. രണ്ട് പേരും ഇടത് സർക്കാറിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥരാണ്.

ക്രൈം ബ്രാഞ്ച് മേധാവിയും ക്രമസാമാധന ചുമതലയുള്ള എഡിജിപിയുമായിരുന്നു ഷെയ്ഖ് ദർവേസ് സാഹിബ്. പിന്നീടാണ് ഫയർഫോഴ്സിലേക്ക് മാറിയത്. സർക്കാറിന്റെ വിശ്വസ്തനായതോടെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി പ്രവർത്തിക്കുകയായിരുന്നു പത്മകുമാർ.

കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് പിന്നിൽ പത്മകുമാർ പ്രവർത്തിച്ചിരുന്നു. പ്രായോഗിക പൊലീസിംഗാണ് പത്മകുമാറിന്റെ സാധ്യതകൾ വർധിപ്പിക്കുന്നത്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് ഷെയ്ഖ് ദർവേസ് സാഹിബിന്റെ മുതൽക്കൂട്ട്. എന്തായാലും ഇവരിൽ ആരെയാകും പിണറായി സർക്കാർ തെരഞ്ഞെടുക്കുകയെന്നത് ഇന്നറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.