ന്യൂഡല്‍ഹി: അതി രൂക്ഷമായ പ്രളയവും വെള്ളപ്പൊക്കവും മൂലമുണ്ടായ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ ഇന്ത്യയുടെ സഹായം തേടാനൊരുങ്ങി പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്ക് പാക് സര്‍ക്കാര്‍ വേഗം കൂട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വാഗാ അതിര്‍ത്തി വഴിയായിരിക്കും ഇവ പാകിസ്ഥാനിലേക്ക് കൊണ്ടു പോവുക. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള തക്കാളിയും ഉള്ളിയും ലാഹോറിലും പഞ്ചാബിലെ മറ്റ് നഗരങ്ങളിലും ടോര്‍ഖാം അതിര്‍ത്തി വഴി എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ആവശ്യത്തിന് മതിയാവുന്നില്ലെന്ന് കണ്ടാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നീക്കം ആരംഭിച്ചത്.
ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നോക്കിയെങ്കിലും അടുത്തിടെ ഇറാന്‍ സര്‍ക്കാര്‍ ഇറക്കുമതിയ്ക്കും കയറ്റുമതിയ്ക്കും നികുതി വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായി. നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ചൈനയുടെ ഭാഗത്തു നിന്ന് പാകിസ്ഥാനെ സഹായിക്കാന്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല.
സാമ്പത്തിക പ്രതസന്ധിയില്‍പ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാന് ഇരുട്ടടിയായിരിക്കുകയാണ് വെള്ളപ്പൊക്കം. ബലൂചിസ്ഥാനിലെയും സിന്ധിലെയും ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് വെള്ളപ്പൊക്കം മൂലം നശിച്ചത്. ഇവിടത്തെ കൃഷിയിടങ്ങള്‍ പലതും നാമാവശേഷമായി. പഴയ നിലയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും.
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇപ്പോള്‍ പാകിസ്ഥാനില്‍ തീ വിലയാണ്. ലാഹോര്‍ മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം തക്കാളിക്ക് നിലവില്‍ 500 രൂപയാണ് വില. ഒരു കിലോ ഉള്ളി വേണമെങ്കില്‍ 400 രൂപ കൊടുക്കണം. വരും ദിവസങ്ങളില്‍ സാധനങ്ങളുടെ വില ഇനിയും കൂടുമെന്നും ഉള്ളിയുടെയും തക്കാളിയുടെയും വില കിലോഗ്രാമിന് 700 രൂപ കടന്നേക്കും എന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.
വെള്ളപ്പൊക്കത്തില്‍ ഇതുവരെ 1,030 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.