കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍; ജി 23 പിന്തുണച്ചേക്കും

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍; ജി 23 പിന്തുണച്ചേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ എംപി മല്‍സരിച്ചേക്കുമെന്ന് സൂചന. തനിക്ക് മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് തരൂര്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെ അറിയിച്ചതായാണ് വിവരം. ജി 23 ഗ്രൂപ്പിലെ അംഗമായ തരൂരിനെ വിമത ഗ്രൂപ്പിലുള്ളവരും പിന്തുണയ്ക്കാനാണ് സാധ്യത.

 ഗാന്ധി കുടുംബത്തിന്റെ പിന്തുണ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനാണ്. ഗെഹ്‌ലോട്ട് വിമുഖത പ്രകടിപ്പിച്ചാല്‍ കമല്‍നാഥ് ഗാന്ധി കുടുംബത്തിന്റെ നോമിനിയായേക്കും.

മല്‍സരത്തിന് കളമൊരുങ്ങിയാല്‍ ഒന്‍പതിനായിരത്തോളം വരുന്ന വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഗാന്ധി കുടുംബം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണ് സാധ്യത കൂടുതല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് തരൂര്‍ കഴിഞ്ഞ ദിവസം ഒരു മലയാള പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പോലെ ലോകം മുഴുവന്‍ കോണ്‍ഗ്രസിനുള്ളിലെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും ലേഖനത്തില്‍ തരൂര്‍ വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ അത് 22 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടായിരിക്കും. അവസാനം കോണ്‍ഗ്രസിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നത് 2000 ത്തിലാണ്. അന്ന് സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദയുമായിരുന്നു സ്ഥാനാര്‍ഥികള്‍. 7,542 വോട്ടുകള്‍ സോണിയയ്ക്ക് ലഭിച്ചപ്പോള്‍ കേവലം 94 പേര്‍ മാത്രമാണ് ജിതേന്ദ്രയ്ക്ക് അനുകൂലമായി വോട്ട് ചെയ്തുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.