തിരുവനന്തപുരം: തീരദേശ ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രൂപതകളുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നു ശേഖരിച്ച നിവേദനവും ഒരുലക്ഷം ഒപ്പുകളും കെ.സി.വൈ.എം സംസ്ഥാന സമിതി, ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനും, നിവേദനവും ഒരുലക്ഷം ഒപ്പുകളുടെ പകർപ്പും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൈമാറി.
തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞം പ്രദേശത്ത് നടന്നുവരുന്ന തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖ നിർമാണം മൂലം തീരദേശ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. പ്രസ്തുത പദ്ധതിമൂലം തീരദേശവാസികൾക്കു ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ പഠനം നടത്തുവാനോ, പ്രശ്നങ്ങൾ പരിഹരിക്കുവാനോ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണെന്ന് നിവേദനത്തിൽ വ്യക്തമാക്കി. തീരദേശ മേഖല നേരിടുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ വിലയിരുത്തുവാനോ പഠനവിഷയമാക്കുവാനോ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിച്ചിട്ടില്ല. വീടുകൾ കടലെടുക്കുകയും വ്യവസായ കേന്ദ്രങ്ങൾ അടക്കേണ്ടിവരുകയും ചെയുന്ന സ്ഥിതിവിശേഷം തുറമുഖ നിർമ്മാണ പദ്ധതിയുടെ ആരംഭം മുതൽ തീരദേശ വാസികൾ അനുഭവിക്കുകയാണ്.
തുറമുഖ നിർമാണത്തിന്റെ ഭാഗമായി തീരം കടലെടുത്ത് പോകുന്നു എന്നത് പ്രളയകാലത്ത് കൈത്താങ്ങായിരുന്ന തീരദേശവാസികളുടെ പ്രധാന പ്രശ്നമാണ്. എന്നാൽ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നുള്ളത് ജനതയെ പ്രതിസന്ധിയിലാക്കുന്നു. ജനിച്ച മണ്ണും വളർന്ന വീടുകളും കടലെടുക്കുന്നത് നോക്കി നിൽക്കേണ്ട ഗതികേടിലാണ് തീരദേശവാസികൾ.
പ്രസ്തുത വിഷയത്തിന്റെ തീവ്രത മനസ്സിലാക്കി തീരദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവരുടെ പ്രശ്നത്തിന്മേൽ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും നിവേദനത്തിൽ പറയുന്നു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, സെക്രട്ടറി സ്മിത ആന്റണി, ട്രഷറർ ലിനു ഡേവിഡ്, ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26