ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. നോട്ടു നിരോധന കാലത്ത് സക്‌സേന 1400 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ആംആദ്മി എം.എല്‍.എ ദുര്‍ഗേഷ് പഥക് ആണ് രംഗത്തെത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു.
സംഭവത്തില്‍ സക്‌സേനയുടെ രാജിയാവശ്യപ്പെട്ട് ആംആദ്മി നിയമസഭാ അംഗങ്ങളും ഡല്‍ഹി സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ ബിജെപിയും തിങ്കളാഴ്ച രാത്രി മുഴുവന്‍ ഡല്‍ഹി വിധാന്‍ സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി സംബന്ധിച്ച് സക്‌സേനയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തില്‍ ആംആദ്മി നേതാക്കള്‍ സിബിഐക്ക് നേരിട്ട് പരാതി നല്‍കും. 2016 ല്‍ വി.കെ സക്‌സേന ഖാദി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ കണക്കില്‍പ്പെടാത്ത 1400 കോടിയുടെ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചെന്നാണ് ആംആദ്മി എം.എല്‍.എ ദുര്‍ഗേഷ് പഥക്കിന്റെ ആരോപണം. സംഭവത്തില്‍ സക്‌സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഖാദി കമ്മീഷന്‍ ചെയര്‍മാനായിരിക്കെ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അവിടെ ജോലി ചെയ്തിരുന്ന തന്നോട് സക്സേന പണം മാറ്റിയെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരന്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ദുര്‍ഗേഷ് പഥക് പറഞ്ഞു.
'ഡല്‍ഹി ബ്രാഞ്ചില്‍ മാത്രം 22 ലക്ഷം രൂപയാണ് മാറ്റിയത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള 7000 ശാഖകളുണ്ട്. അതായത് 1400 കോടി രൂപയുടെ അഴിമതി നടന്നു' - എ.എ.പി ആരോപിക്കുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും സക്സേനയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് ആംആദ്മി അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിച്ചത്.
അതേസമയം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സിസോദിയയുടെ വസതിയിലടക്കം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ നടപടി.
ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ മാസം സക്സേന സി.ബി.ഐയോട് ശിപാര്‍ശ ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.