കേന്ദ്ര ഗവണ്മെന്റ് അടുത്തകാലത്ത് പുറത്തിറക്കിയ കർഷക ബില്ല് കർഷകരുടെ അവകാശങ്ങൾ ഹനിക്കുന്നതിനും കുത്തക മുതലാളിമാർക്ക് കർഷകരെ അടിമപ്പെടുത്തുന്നതിനുമുള്ള ശ്രമമാണ്.കർഷകനു വേണ്ടി വിതയ്ക്കാതെ വിളവെടുക്കാനുള്ള തന്ത്രമാണു കേന്ദ്ര സർക്കാർ നടത്തുന്നത്. കൃഷിയും അനുബന്ധ മേഖലകളുമാണ് ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ ജീവനോപാധി. ഗ്രാമീണ മേഖലയിലെ 70 ശതമാനം പേരും പ്രധാനമായും കൃഷിയെ ആശ്രയിച്ചാണു ജീവിതം പോറ്റുന്നത്. രാജ്യത്തെ മൊത്തം കർഷകരുടെ 82 ശതമാനം പേരും ചെറുകിട, ഇടത്തരം, നാമമാത്ര കൃഷിക്കാരുമാണ്. എന്നിട്ടും ഏറ്റവുമധികം പ്രതിസന്ധിയും കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കുന്നതു കർഷകരും കർഷകത്തൊഴിലാളികളുമാണ്.
വിദേശ വ്യാപാര കരാറുകൾ മുതൽ കോർപറേറ്റ് കന്പനികളുടെയും വൻകിട വ്യാപാരികളുടെയും വ്യവസായികളുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങളും ഏകപക്ഷീയ നടപടികളുമാണു കർഷകർക്കു വിനയായത്. ഗാട്ടും ആസിയാനും മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും ആഘാതമായി. ഇറക്കുമതിയിലൂടെ വിലയിടിച്ചു കൊള്ളലാഭം കൊയ്യാനുള്ള ടയർ വ്യവസായ ലോബിയുടെ അത്യാഗ്രഹം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടികളും പത്തു ലക്ഷത്തിലേറെ ചെറുകിട റബർ കർഷകരുടെ തകർച്ചയ്ക്കു കാരണമായി.
യുപിഎ സർക്കാരിന്റെ തെറ്റായ നയങ്ങൾ തുടരുന്ന എൻഡിഎ സർക്കാർ ഇപ്പോൾ റബർ ബോർഡിനെയും ഫലത്തിൽ ഇല്ലാതാക്കുന്നു. കേരളത്തിലെ റബർ മുതൽ കുരുമുളക്, നാളികേരം, അടയ്ക്ക, നെല്ല്, തേയില, കാപ്പി, ഏലം, ഗ്രാന്പൂ, മഞ്ഞൾ, ഇഞ്ചി തുടങ്ങി പച്ചക്കറി, വാഴ, പഴങ്ങൾ, പുകയില വരെയുള്ള കൃഷികളെല്ലാം പ്രതിസന്ധിയിലായതും വിലത്തകർച്ച പതിവാകുന്നതിനും കാരണം വൻകിടക്കാരെ സഹായിക്കുന്ന സർക്കാരുകളുടെ നയങ്ങളും പദ്ധതികളും തന്നെ.
കർഷകനു കടിഞ്ഞാണിടരുത്
സ്വന്തം കൃഷിയിടത്തിൽ യഥേഷ്ടം കൃഷി ചെയ്യാൻ പോലും കർഷകനു സ്വാതന്ത്ര്യമില്ല. തോട്ടങ്ങളിൽ ഫലവൃക്ഷങ്ങൾ വളർത്തുന്നതിനു കർഷകർക്കു നിയന്ത്രണങ്ങളുണ്ട്. തോട്ടം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണു നേരിടുന്നത്. കോവിഡ് കൂടി വന്നതോടെ പ്രശ്നം അതീവ രൂക്ഷമാണ്. ഇക്കാര്യം കണക്കിലെടുത്തു കർഷകരെ സഹായിക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്വവുമാണ്, ഔദാര്യമല്ല.
തോട്ടങ്ങളിൽ പഴം, പച്ചക്കറി അടക്കമുള്ള കൃഷിക്ക് അനുമതി നൽകണമെന്നതാണ് ആവശ്യം. നിലവിൽ തോട്ടം ആണെങ്കിൽ 15 ഏക്കർ വരെ ഒരു വ്യക്തിക്കു കൈവശം വയ്ക്കാമെന്നതാണു നിയമം. എന്നാൽ, ഫലവൃക്ഷങ്ങളോ, പച്ചക്കറികളോ കൃഷി ചെയ്താൽ ഈ പരിരക്ഷ ഇല്ലാതാകും. തോട്ടങ്ങളുടെ അഞ്ചു ശതമാനം പ്രദേശത്ത് ഹോംസ്റ്റേ അടക്കമുള്ള ടൂറിസം പദ്ധതികൾക്കും അനുമതി നൽകേണ്ടതുണ്ട്.
തോട്ടത്തിന്റെ 20 ശതമാനം മാത്രം പഴവർഗങ്ങളുടെ കൃഷിക്ക് അനുവദിക്കാമെന്ന കൃഷിവകുപ്പിന്റെ നിലപാടു പോലും കർഷകർക്കു ഗുണകരമാകില്ല. നൂറും ആയിരവും ഏക്കർ വരുന്ന വൻകിട തോട്ടങ്ങളുടെ 20 ശതമാനം പ്രദേശത്തു ന്യായമായി കൃഷി ചെയ്യാനാകും. എന്നാൽ 30, 35 ഏക്കറുള്ളവർക്ക് ആദായകരമായി മറ്റു കൃഷി ചെയ്യാൻ കഴിയില്ല. തോട്ടങ്ങളുടെ പരിധി 15ൽ നിന്ന് 30 ഏക്കറും അതിൽ താഴെയുള്ളവ ആക്കണമെന്ന കൃഷിക്കാരുടെ ആവശ്യവും ന്യായമാണ്. ഭൂപരിഷ്കരണ നിയമം അടക്കമുള്ളവയിൽ കാലാനുസൃത മാറ്റത്തിനു സർക്കാർ ഇനിയും വൈകരുത്.
രാപകലില്ലാതെ കർഷകർ വിയർപ്പൊഴുക്കി അധ്വാനിച്ചിട്ടും ഏതാണ്ടെല്ലാ കൃഷികളും നഷ്ടത്തിലാണ്. ജീവിക്കാനായി റംബുട്ടാൻ അടക്കമുള്ള ഫലവൃക്ഷങ്ങൾ, പുഷ്പ കൃഷി, തേനീച്ച കൃഷി, മത്സ്യ- ക്ഷീര- പശു- ആട്- കോഴി- കാടക്കോഴി- താറാവ് വളർത്തൽ അടക്കം ഇഷ്ടമുള്ള കൃഷി ചെയ്തു കുടുംബം പോറ്റാനെങ്കിലും കർഷകരെ അനുവദിച്ചേ മതിയാകൂ. കൂടുതൽ സഹായിച്ചില്ലെങ്കിലും അനാവശ്യ നിയന്ത്രണങ്ങളുമായി കർഷകരെ ഉപദ്രവിക്കാതിരിക്കാൻ സർക്കാരുകൾ തയാറാകണം. അതിലേറെ കൃഷിയെയും കർഷകനെയും ആശ്രയിച്ചു ജീവിതം പോറ്റുന്ന ലക്ഷക്കണക്കിനു പാവപ്പെട്ട തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും അനിവാര്യവുമാണിത്.
കർഷകാനുകമ്പ ഇല്ലാത്ത ബില്ലുകൾ
ലോക്സഭ പാസാക്കിയ മൂന്നു വിവാദ കർഷക ബന്ധ ബില്ലുകളാണു പുതിയ ഭീഷണി. കാർഷികോത്പന്ന വ്യാപാര വാണിജ്യ (പ്രമോഷൻ, ഫസിലിറ്റേഷൻ) ബിൽ, കർഷക (ശക്തീകരണ സംരക്ഷണ) കരാർ ബിൽ എന്നിവയാണു വ്യാഴാഴ്ച രാത്രി വൈകി ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ഇതേ പോലെ കർഷകർക്കു ഭീഷണിയാകാവുന്ന അവശ്യസാധന നിയമ ഭേദഗതി ബിൽ ഇതിന്റെ തലേന്നു ലോക്സഭ പാസാക്കിയിരുന്നു.
രാജ്യസഭയിൽ പ്രതിപക്ഷത്തിനു ശക്തിയുണ്ടെങ്കിലും ബില്ലുകളെ വോട്ടിനിട്ടു പരാജയപ്പെടുത്താനുള്ള അംഗബലം എളുപ്പമാകില്ല. കോണ്‍ഗ്രസ്, ശിവസേന അടക്കമുള്ള വിശാല യുപിഎയും ഇടതുപാർട്ടികളും യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-എമ്മും ബില്ലിനെ എതിർക്കുന്നുണ്ട്. കർഷകരോടു തെല്ലെങ്കിലും കൂറുണ്ടെങ്കിൽ ജെഡിയു, തൃണമൂൽ, അകാലിദൾ, ബിജെഡി, ടിഡിപി, ടിആർഎസ്, എഐഎഡിഎംകെ അടക്കമുള്ള പാർട്ടികൾ കൂടി ഇവരോടൊപ്പം വിവാദ കർഷക വിരുദ്ധ ബില്ലുകളെ എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്.
കർഷകരെ സഹായിക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണു ലോക്സഭയിൽ പാസാക്കിയത്. രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ നിയമമാകും. പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്കു ബില്ലുകൾ വിട്ടു ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ രാജ്യസഭ പരിഗണിക്കണമെന്ന് ഇടതുപാർട്ടികളും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ സർക്കാരിനു താത്പര്യമില്ല.
സംസ്ഥാനങ്ങളുടെ അധികാരത്തിൽ പെടുന്ന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കാതെയാണു മൂന്നു വിവാദ ഓർഡിനൻസുകളും കൊണ്ടുവന്നതെന്നതു നിസാരമല്ല. ഓർഡിനൻസിനു പകരമായുള്ള ബില്ലുകൾ രാജ്യസഭയിൽ കൂടി പാസാക്കുന്നതിനു മുന്‍പായി സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും ന്യായമാണ്.
കർഷകരോഷം മോടിയിടിക്കും
കർഷക വിരുദ്ധമെന്ന് പ്രഖ്യാപിച്ച് അകാലിദൾ പ്രതിനിധിയായ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ മോദി മന്ത്രിസഭയിൽ നിന്നു രാജിവച്ചതു തുടക്കം മാത്രമാകും. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയായ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ബില്ലിനെതിരേ പരസ്യമായി പ്രതിഷേധിക്കുകയാണ്. ദുർബലമായ പ്രതിപക്ഷമെങ്കിലും കർഷകർ ഉണർന്നാൽ ഏതു മോദിയും വീണേക്കാം.
വിവാദ കർഷകബന്ധ നിയമനിർമാണത്തിനെതിരേ പ്രതിപക്ഷ പാർട്ടികളുടെ ആഭിമുഖ്യത്തിൽ 25ന് പ്രഖ്യാപിച്ച ഭാരത് ബന്ദിലും പ്രതിഷേധം ഇരന്പും. ഇതിനു മുന്‍പേ 24 മുതൽ 26 വരെ തുടർച്ചയായി ട്രെയിൻ തടയൽ സമരം പഞ്ചാബിലെ കർഷകർ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ അഞ്ചു മുതൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ദേശീയപാത ഉപരോധിച്ചു പ്രതിഷേധം തുടങ്ങിയിരുന്നു.
വിലത്തകർച്ചയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ കർഷകരെ ചൂഷണത്തിനായി വിട്ടുകൊടുക്കുന്നതിനു തുല്യമാകും പുതിയ നിയമങ്ങൾ. കാർഷികോത്പന്നങ്ങൾ കന്പനികൾക്കു നേരിട്ടു വിൽക്കാൻ കഴിയുമെന്നും കർഷകർക്കു ഗുണകരമാകുമെന്നുമാണു പ്രധാനമന്ത്രി മോദിയുടെ വാദം. കാർഷികോത്പന്ന വിപണന സമിതികൾക്കു (അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റീസ്- എപിഎംസി) പുറത്ത് ഉത്പന്നങ്ങൾ വിൽക്കാം.
കുത്തകകൾ പിഴിഞ്ഞെടുക്കും
വ്യാപക ചൂഷണത്തിനായി കർഷകരെ വിടുന്നതിനു തുല്യമാണു പുതിയ മൂന്നു നിയമനിർമാണങ്ങളും. കാർഷികോത്പന്ന വിപണനം, അവശ്യസാധന നിയമ ഭേദഗതി, വിലയുറപ്പ്- കാർഷിക സേവനങ്ങൾ എന്നീ മൂന്നു ബില്ലുകളും ഫലത്തിൽ കർഷകരെ കോർപറേറ്റുകളുടെ അടിമകളാക്കും. റിലയൻസ്, അദാനിയുടെ ബിഗ് ബസാർ, ബിർളയുടെ മോർ പോലെയുള്ള കോർപറേറ്റ് കന്പനികൾക്കു മേധാവിത്വം നൽകാനാണ് നിയമങ്ങളെന്നതും സംശയമല്ല.
പുതിയ നിയമമനുസരിച്ച് നിലവിലുള്ള ചന്തകൾ വ്യാപാര മേഖലയിൽ വരില്ലെന്നതാണു പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ പ്രകോപിപ്പിച്ചത്. വ്യാപാരിയുടെ പുതിയ വ്യാഖ്യാനവും പ്രശ്നമാണ്. മാർക്കറ്റ് ഫീസ് നീക്കുന്ന വ്യവസ്ഥയിലും കർഷകരും കച്ചവടക്കാരും രോഷാകുലരാണ്. ചർച്ചകളിലൂടെ പരാതി പരിഹാരം കാണണമെന്ന വ്യവസ്ഥയും തങ്ങൾക്കെതിരായി മാറുമെന്നു കർഷകർ ആശങ്കപ്പെടുന്നു.
കാർഷികോത്പന്ന വ്യാപാരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുമെന്നാണു സർക്കാരിന്റെ വാദം. താങ്ങുവിലകൾ ഫലത്തിൽ അപ്രസക്തമാകും. ചെലവിനുള്ള വരുമാനം പോലും ഇല്ലാതാകുമെന്നതാണു കർഷകരുടെ അനുഭവം.
കാർഷിക മേഖലയിൽ മത്സരത്തിനു വഴിതെളിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഏതാനും വൻകിട കൃഷിക്കാർക്കാകും ഗുണം. കോടിക്കണക്കിനു നാമമാത്ര, ചെറുകിട, ഇടത്തരം കർഷകർക്കു വിപരീത ഫലമാകും ഉണ്ടാവുക. റബർ തോട്ടങ്ങൾ, കർഷകർ, ചെറുകിട കച്ചവടക്കാർ എന്നിവരിൽ നിന്നു ടയർ കന്പനികൾ നേരിട്ടു റബർ വാങ്ങിയാൽ കർഷകനു ഗുണം കിട്ടില്ലെന്ന ബോധ്യം കേരളത്തിലെ കർഷകർക്കെങ്കിലും അനുഭവമാണ്.
കർഷക രക്ഷയാകണം ലക്ഷ്യം
അരി, പയർവർഗങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങളുടെ വിലയിൽ 100 ശതമാനം കൂടിയാൽ മാത്രമേ പുതിയ ബില്ലനുസരിച്ച് സർക്കാർ ഇടപെടുകയുള്ളൂ. തൊട്ടുമുന്‍പുള്ള 12 മാസത്തെയോ, അഞ്ചു വർഷത്തെയോ ശരാശരി വിലയുടെ ഇരട്ടി വർധന ഉണ്ടായാൽ മാത്രമേ അവശ്യസാധന നിയമ ഭേദഗതിയനുസരിച്ചു സർക്കാരിന് വിപണിയിൽ ഇടപെടാനാകൂ.
പഴം, പച്ചക്കറികൾ പോലെ പെട്ടെന്നു നശിക്കുന്ന ഉല്പന്നങ്ങൾക്കും 50 ശതമാനത്തിലേറെ വില കൂടിയാൽ മാത്രമേ സർക്കാരിന് ഇടപെടാൻ കഴിയുകയുള്ളൂ. ചുരുക്കത്തിൽ ഓരോ വർഷവും ഇവയുടെ വില 50 ശതമാനം വരെയും നോണ്‍ പെരീഷബിൾ വിഭാഗത്തിലുള്ളവയുടെ വില 100 ശതമാനം വരെയും കൂട്ടാൻ കന്പനികൾക്കും വലിയ ഇടനിലക്കാർക്കും പ്രയാസമില്ല. ശീതീകരണം ആവശ്യമില്ലാത്തവയാണു നോണ്‍ പെരീഷബിൾ ഭക്ഷ്യസാധനങ്ങളായി കണക്കാക്കുക.
സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും സാധാരണക്കാരോടും കർഷകരോടും കർഷകത്തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണ് ഈ നിയമങ്ങൾ. സാന്പത്തിക വളർച്ചയിലെ 23.9 ശതമാനം ഇടിവിലും കോവിഡിന്റെ ദുരിതത്തിലും കർഷകരുടെ അധ്വാനമാണ് ഇന്ത്യക്കു നേരിയ ആശ്വാസമായത്. വാചകക്കസർത്തുകളും മുദ്രാവാക്യങ്ങളുമല്ല, കർഷകരക്ഷയും ഗ്രാമങ്ങളുടെ വികസനവുമാകണം സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനം.
ഡൽഹിഡയറി/ജോർജ് കള്ളിവയലിൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.