അമേരിക്കയില്‍ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും: മൂന്ന് മരണം; ഒരു മില്യണ്‍ വീടുകളില്‍ വൈദ്യുതി നഷ്ടമായി

അമേരിക്കയില്‍ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും: മൂന്ന് മരണം; ഒരു മില്യണ്‍ വീടുകളില്‍ വൈദ്യുതി നഷ്ടമായി

ഇന്ത്യാന: അമേരിക്കയുടെ മധ്യപടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖലയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിലും പേമാരിയിലും മൂന്ന് മരണം. വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ഒരു മില്യണ്‍ വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വാഷിംഗ്ടണ്‍, ബാള്‍ട്ടിമോര്‍, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

മിഷിഗണില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് 14 വയസുള്ള പെണ്‍കുട്ടി മരിച്ചത്. ഒഹായോയില്‍ മരം വീണ് ഒരു സ്ത്രീയും അര്‍ക്കന്‍സാസില്‍ അഴുക്കുചാലില്‍ വീണ് 11 വയസുള്ള ആണ്‍കുട്ടിയും മരിച്ചു. കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ അഴുക്കുചാലിലേക്ക് വീണ 47 കാരിയായ സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

ഇന്ത്യാനയില്‍ അഞ്ചുലക്ഷത്തിലധികം വീടുകളും മിഷിഗണില്‍ 6.4 ലക്ഷം വീടുകളും രണ്ട് ദിവസമായി ഇരുട്ടിലാണ്. പൊട്ടിവീണ വൈദ്യുതി കമ്പികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്ന ജോലികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. ബുധനാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈദ്യുതി വിതരണ കമ്പനിയായ കണ്‍സ്യൂമേഴ്സ് എനര്‍ജി അറിയിച്ചു.

ഇന്‍ഡ്യാനയിലും മിഷിഗണിലുമാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്. ഇന്ത്യാനയിലെ ലോവെലില്‍ 81 മൈല്‍ വേഗതയിലും ഡെട്രോയിറ്റ് സിറ്റിയില്‍ 70 മൈല്‍ വേഗതയിലുമാണ് കാറ്റ് വീശിയത്. മിഷിഗനില്‍ 66 മൈല്‍ വേഗതയിലും കാറ്റ് വീശി. കാറ്റ് ഇപ്പോള്‍ പെന്‍സില്‍വാനിയയിലേക്കും ന്യൂയോര്‍ക്കിലേക്കും നീങ്ങിയിരിക്കുകയാണെന്നും കലാവസ്ഥ വിഭാഗം അറിയിച്ചു. മിസിസിപ്പിയില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഗവര്‍ണര്‍ ടേറ്റ് റീവ്‌സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.