കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ വൈകുന്നേരം നാലിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. വെള്ളിയാഴ്ച 9.30 നാണ് വിക്രാന്തിന്റെ കമ്മിഷനിങ് ചടങ്ങുകള്‍. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമടക്കം ഒട്ടേറെ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.
രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് വിക്രാന്ത്. രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്. കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്.
കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍. കപ്പലിന്റെ നീളം 262 മീറ്റര്‍, ഉയരം 59 മീറ്റര്‍. 30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം.
2007 ല്‍ തുടങ്ങിയതാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം. 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മിക്കാന്‍ ചെലവായത് 20,000 കോടി രൂപ. 2021 ഓഗസ്റ്റ് മുതല്‍ ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി നടത്തിയ വിവിധ പരീക്ഷണങ്ങള്‍ വിക്രാന്ത് വിജയകരമായി മറികടന്നു.
കഴിഞ്ഞ മാസം 28 ന് കൊച്ചിന്‍ നാവിക സേനയ്ക്ക് കൈമാറി എങ്കിലും കപ്പല്‍ ഷിപ്പ്‌യാര്‍ഡില്‍ നിന്ന് മാറ്റിയിട്ടില്ല. പ്രധാനമന്ത്രി വെള്ളിയാഴ്ച കൊച്ചി കപ്പല്‍ ശാലയിലെത്തി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐഎന്‍എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.